ടോക്സിക്കിൽ യഷിന്റെ നായിക രുക്മിണി വസന്ത്
യഷിന്റെ പിറന്നാൾ ദിനമായ നാളെ വമ്പൻ അപ്ഡേറ്റ്
യഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്. സൗന്ദര്യവും ആത്മവിശ്വാസവും കർശനതയും ഒരേസമയം ഉൾക്കൊള്ളുന്ന രുക്മിണി വസന്ത് അവതരിപ്പിക്കുന്ന മെലിസ ടോക്‌സിക്കിലെ കഥാപ്രപഞ്ചത്തിന് പുതിയ ഊർജമാണ് നൽകുന്നത്. രുക്മിണിയുടെ പ്രകടനത്തെപ്പറ്റി സംവിധായിക ഗീതു മോഹൻദാസിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു.
"രുക്മിണിയിൽ എനിക്ക് ഏറ്റവും അധികം ഇഷ്ടം അഭിനേത്രിയായുള്ള ബുദ്ധിശക്തിയാണ്. അവൾ വെറും അഭിനയിക്കുന്നില്ല; ചിന്തിക്കുകയും ആഴത്തിൽ പഠിക്കുകയും ചെയ്യുന്നു. സംശയത്തിൽ നിന്നല്ല, കൗതുകത്തിൽ നിന്നാണ് അവളുടെ ചോദ്യങ്ങൾ. അത് എന്നെയും ഒരു സംവിധായികയായി കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ചിലപ്പോൾ എന്റെ തന്നെ തീരുമാനങ്ങളെ പുനഃപരിശോധിക്കാൻ പോലും. സ്‌ക്രീനിലെ ബുദ്ധിശക്തി പലപ്പോഴും പറയാത്തതിലാണ് ഒളിഞ്ഞിരിക്കുന്നത് എന്നത് അവളെ കാണുമ്പോൾ എനിക്ക് വീണ്ടും തോന്നുന്നു. ഷോട്ടുകൾക്കിടയിൽ അവൾ ശാന്തമായി തന്റെ ജേർണലിൽ കുറിപ്പുകൾ എഴുതുന്നത് ഞാൻ പലപ്പോഴും കാണാറുണ്ട്. സെറ്റിലെ ചെറിയ അനുഭവങ്ങളും ചിന്തകളും. അവൾ സ്വന്തം ഉള്ളിലൊരു ലോകം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ സമീപനം അതീവ ചിന്താപരമാണ്; ചിലപ്പോൾ ആ കുറിപ്പുകൾ എടുത്ത് വായിക്കാൻ എനിക്കും തോന്നിപ്പോകും.” ഗീതുവിന്റെ വാക്കുകൾ. യഷിന്റെ നായികയായി എത്തുന്നത് രുക്മിണി വസന്ത് ആണ്. കിയാര അദ്വാനി, ഹുമ ഖുറേഷി, നയൻതാര, താര സുതാരിയ എന്നിവരാണ് മറ്റ് നായികമാർ.
വെങ്കട് കെ. നാരായണയും യഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ടോക്സിക്. യഷിന്റെ പിറന്നാൾ ദിനമായ നാളെ വമ്പൻ അപ്‌ഡേറ്റ് ഉണ്ടാകും. മാർച്ച് 19നാണ് റിലീസ്. പി. ആർ. ഒ: പ്രതീഷ് ശേഖർ.