പുതിയ ലുക്കിൽ കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി
പ്രകാശ് വർമ്മയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാരിക്കാമുറി ഷൺമുഖൻ എന്ന ബ്ളാക്ക് ചിത്രത്തിലെ കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ ലുക്ക് പുറത്ത്. കടുക്കനിട്ട്, ഡബിൾ പോക്കറ്റ് ഷർട്ട് ധരിച്ച് ചിരിച്ചുകൊണ്ടുനിൽക്കുന്ന മമ്മൂട്ടിയെ കാണാം. 22 വർഷങ്ങൾക്കുശേഷവും ഷൺമുഖത്തിന്റെ ലുക്കിൽ വലിയ മാറ്റമൊന്നുമില്ലെന്ന് ആരാധകർ. അതിഥി വേഷത്തിലാണ് കാരിക്കാമുറി ഷൺമുഖൻ ഇത്തവണ എത്തുന്നത്. കൊച്ചിയിൽ മമ്മൂട്ടിയുടെ രംഗങ്ങൾ ചിത്രീകരിക്കുന്ന ജോലിയിലാണ് രഞ്ജിത്ത് . അഞ്ചുദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നൽകിയത്. 2004 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളാക്കിൽ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേരാണ് കാരിക്കാമുറി ഷൺമുഖൻ. മമ്മൂട്ടിയുടെ കരിയറിലെ സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു.
അതേസമയം പൊലീസ് കഥ പറയുന്ന രഞ്ജിത്ത് ചിത്രത്തിൽ പ്രകാശ് വർമ്മയോടൊപ്പം ഏതാനും പുതുമുഖങ്ങളും പ്രധാന വേഷത്തിലുണ്ട്.
അഭിരാമി, സിദ്ദിഖ്, ജോയ് മാത്യു, ഭീമൻ രഘു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഉദയകൃഷ്ണ ആണ് രചന. കോ ഡയറക്ടർ ശങ്കർ രാമകൃഷ്ണൻ. പ്രശാന്ത് രവീന്ദ്രൻ ആണ് ഛായാഗ്രഹണം. സത്യം സിനിമാസിന്റെ ബാനറിൽ എം.ജി പ്രേമചന്ദ്രനും വർണചിത്രയുടെ ബാനറിൽ മഹാ സുബൈറും ചേർന്നാണ് നിർമ്മാണം.