14 വയസ് വരെയുള്ള കുട്ടികളിൽ 64 ശതമാനത്തിനും ഈ രോഗസാദ്ധ്യത,​ ജനുവരി 12 മുതൽ ഗുളിക നൽകും

Tuesday 06 January 2026 6:31 PM IST

തിരുവനന്തപുരം: ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങൾ ആരോഗ്യത്തിന്റെ അംബാസഡർമാരായി മാറും. കുഞ്ഞുങ്ങളിൽ നിന്ന് വീട്ടിലേക്ക്, വീട്ടിൽ നിന്നും നാട്ടിലേക്ക് എന്നുള്ളതാണ് ലക്ഷ്യം. ഓരോ കുഞ്ഞിനും ശാരീരികവും മാനസികവുമായിട്ടുള്ള ആരോഗ്യം ഉറപ്പാക്കി ശരീരത്തിന്റേയും മനസിന്റേയും ബുദ്ധിയുടേയും വളർച്ച ഉറപ്പാക്കുക എന്നുള്ളതാണ് ലക്ഷ്യമാക്കുന്നത്.

തൊട്ടടുത്തുതന്നെ ഇതിന്റെ ഉദ്ഘാടനം ഉണ്ടാകുന്നതാണ്. ഇതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഒരു ഹെൽത്ത് കാർഡ് ക്രമീകരിച്ചു കൊണ്ടായിരിക്കും ആരോഗ്യ കാര്യങ്ങൾ അവലോകനം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ വിര വിമുക്ത ദിനം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനുവരി 6 ദേശീയ വിര വിമുക്ത ദിനമാണ്. കുഞ്ഞുങ്ങളുടെ വിളർച്ച ഒഴിവാക്കുന്നതിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനും വളരെ പ്രധാനപ്പെട്ട ഒന്നാണ് വിരബാധ ഒഴിവാക്കുക എന്നത്. വിരബാധ കുട്ടികളുടെ വളർച്ചയേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ദേശീയ തലത്തിൽ തന്നെ ഒരു ദിനാചരണം സംഘടിപ്പിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഒന്നു മുതൽ 14 വയസ് വരെയുള്ള കുട്ടികളിൽ 64 ശതമാനം കുഞ്ഞുങ്ങളിൽ വിരബാധയ്ക്ക് സാദ്ധ്യതയുണ്ട് എന്നാണ് കണക്കാക്കുന്നത്. ആ സാദ്ധ്യത കണക്കിലെടുത്തുകൊണ്ട് ക്ലിനിക്കൽ ആയിട്ടുള്ള ഇടപെടലുകൾ നടത്തുക എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്. ഒന്ന് മുതൽ 19 വയസുവരെ പ്രായമുളള കുട്ടികൾക്കാണ് സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലൂടെ ഗുളിക നൽകിയത്. ഇന്ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകുന്നതാണ്.

നമ്മുടെ കുഞ്ഞുങ്ങളെ വിര വിമുക്തമാക്കുന്നതിന് വേണ്ടിയിട്ടുള്ള ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നൽകുക എന്നുള്ളത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ആർസി ബീന, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, വനിതാ ശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ എൽ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിബു പ്രേംലാൽ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ എസ് അനോജ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ ശില്പ ബാബു തോമസ്, നെടുങ്കാട് ജിയുപിഎസ് ഹെഡ് മിസ്‌ട്രെസ് ഷബീന ജാസ്മിൻ ടി ആർ,​ പിടിഎ പ്രസിഡന്റ് ഗീതു ജി എസ്, ചീഫ് ഹെൽത്ത് എഡ്യൂക്കേഷൻ ഓഫീസർ സുജ പിഎസ് എന്നിവർ പങ്കെടുത്തു.