ഭവനഭേദനം, പിടിച്ചുപറിയടക്കം 15 കേസുകളിൽ പ്രതി, പട്ടി നിഷാദ് ഇപ്പോൾ പിടിയിലായത് 66 കിലോ ചന്ദനത്തടിയുമായി
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയടക്കം അഞ്ച് പേർ 66 കിലോ ചന്ദനത്തടികളുമായി പിടിയിൽ. വർക്കലയിലാണ് സംഭവം. പട്ടി നിഷാദ് എന്നറിയപ്പെടുന്ന വർക്കല സ്വദേശി നിഷാദ്, മലപ്പുറം കോട്ടയ്‌ക്കൽ സ്വദേശി അബ്‌ദുൾ കരിം, വർക്കല ശിവഗിരി സ്വദേശി നസറുള്ള, ഇടവ സ്വദേശികളായ നൗഫൽ, ഹൗസൈൻ എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ നിഷാദ് അയിരൂർ, പരവൂർ, വർക്കല, കൊല്ലം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, ഭവനഭേദനം, മറ്റ് ക്രിമിനൽ പ്രവർത്തികൾ എന്നിങ്ങനെ 15ലധികം കേസുകളിലെ പ്രതിയാണ്.
തിരുവനന്തപുരം-കൊല്ലം ജില്ലകളിൽ നിന്നുള്ള ചന്ദനത്തടികൾ മോഷ്ടിച്ച് മലപ്പുറത്ത് എത്തിച്ച് അവിടെനിന്നും കർണാടകയിൽ ബൽഗാമിലും മഹാരാഷ്‌ട്രയിൽ ശങ്കേശ്വരിലും എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് രണ്ടാം പ്രതി അബ്‌ദുൾ കരീം. കഴിഞ്ഞ ആറ് മാസംകൊണ്ട് ആറ് കേസുകളിലായി 492 കിലോ ചന്ദനമാണ് പാലോട് വനംവകുപ്പ് പിടിച്ചെടുത്തത്. 24 പ്രതികളെയും ഈ കേസുകളിൽ പിടികൂടി.