അടിസ്ഥാന സൗകര്യമില്ലാതെ പൊൻമുടി

Wednesday 07 January 2026 3:36 AM IST

വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത മാത്രം. ലക്ഷങ്ങളുടെ വരുമാനം ലഭിച്ചിട്ടും സന്ദർശകർക്ക് വേണ്ട സൗകര്യം ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുകയാണ്.

വനം വകുപ്പിന്റെ കീഴിലാണ് പൊൻമുടി ഇക്കോ ടൂറിസം. പൊൻമുടി സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. സാധാരണക്കാർ മുതൽ വി.ഐ.പികൾ വരെയുള്ള സഞ്ചാരികൾ പൊൻമുടിയിൽ എത്തുന്നു. എന്നാൽ സഞ്ചാരികൾക്ക് അത്യാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ നാളിതുവരേയും ബന്ധപ്പെട്ട വകുപ്പിന് കഴിഞ്ഞിട്ടില്ല. സഞ്ചാരികൾക്ക് മഴ പെയ്താൽ കയറി നില്ക്കുന്നതിന് ഒരു വെയ്റ്റിംഗ് ഷെഡുപോലുമില്ല. മഴയും വെയിലുമേറ്റ് നട്ടംതിരിയണം. ഹട്ടുകളുടെയും അതിലെ ഇരിപ്പിടങ്ങളിലെയും അവസ്ഥയും പരിതാപകരമാണ്. മാത്രമല്ല ആവശ്യത്തിന് ഹട്ടുകളുമില്ല.

ശുചിമുറികളുടെ അപര്യാപ്തത

ഏറ്റവും തിരക്കേറിയ ഡിസംബർ മാസത്തിൽ പൊൻമുടി സന്ദർശിക്കാനെത്തിയ സഞ്ചാരികളുടെ എണ്ണം 75,000 കടന്നു. ക്രിസ്മസ് ദിവസം പൊൻമുടി സന്ദർശിച്ച സഞ്ചാരികളുടെ എണ്ണം 8,000 ആണ്. ന്യൂ ഇയ‌‌ർ ദിനത്തിലെ അവസ്ഥയും വിഭിന്നമല്ല. സഞ്ചാരികളായെത്തുന്ന സ്ത്രീകൾക്കുള്ള ടോയ്‌ലെറ്റിന്റെ എണ്ണം വെറും 4 മാത്രമാണ്. പുരുഷന്മാർക്ക് രണ്ടും. ഒരുമണിക്കൂറിലധികം ക്യൂ നിന്നുവേണം പൊൻമുടിയിലെത്തുന്ന സ്ത്രീകൾക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കാൻ.

 ഫുഡ്കോർട്ടും ഇല്ല

സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി ഒരുഫു‌ഡ് കോർട്ട് എന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. പാസ് ഇനത്തിൽ വനംവകുപ്പ് സഞ്ചാരികളിൽ നിന്ന് കോടികൾ വരുമാനമുണ്ടാക്കുമ്പോൾ സഞ്ചാരികൾക്കുനേരേ അലംഭാവം തുടരുകയാണ്. അടുത്തിടെ സന്ദർശനഫീസ് ഇരട്ടിയാക്കാൻ തീരുമാനമെടുത്തെങ്കിലും ജനങ്ങളുടെ എതിർപ്പുമൂലം നടന്നില്ല.

 വെളിച്ചംകാണാതെ പദ്ധതി

മാറിമാറി വരുന്ന സർക്കാരുകൾ പൊൻമുടിയിൽ വികസനത്തിനായി കോടികൾ ബഡ്ജറ്റിൽ വകയിരുത്താറുണ്ടെങ്കിലും മിക്ക പദ്ധതികളും കടലാസിൽ ഒതുങ്ങുകയാണ് പതിവ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച റോപ്പ് വേയും, യു.ഡി.എഫ് സർക്കാർ വാഗ്ദാനം ചെയ്ത ഹെലിപ്പാഡും വെളിച്ചം കണ്ടില്ല.

പ്രതികരണം

പൊൻമുടിയിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി സഞ്ചാരികളുടെ ആവശ്യങ്ങൾ പരിഗണിക്കണം.

വികസനപ്രവർത്തനങ്ങൾ സാദ്ധ്യമാക്കണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.

പൊൻമുടി പ്രകാശ്,

പൊൻമുടി വാർഡ് മെമ്പർ