'താത്പര്യമില്ലെന്ന് പറഞ്ഞാലും ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കും; അയാളുടെ മുന്‍ഭാര്യയെന്ന് പോലും പറയരുത്'

Tuesday 06 January 2026 8:20 PM IST

മലേഷ്യന്‍ രാജകുമാരന്‍ ടെന്‍കു ഫഖ്‌റിയുമൊത്ത് ഉണ്ടായിരുന്ന ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി മോഡല്‍ മനോഹര ഒഡീലിയ. ഇന്തോനേഷ്യന്‍ അമേരിക്കന്‍ മോഡലായ തന്നെ രാജകുമാരന്‍ വിവാഹം കഴിച്ചതിന് നിയമപരമായി സാധുതയില്ലെന്നാണ് മനോഹര പറയുന്നത്. 16 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് വിവാഹം നടന്നതെന്നും അവര്‍ പറയുന്നു. സമാനതകളില്ലാത്ത പീഡനമാണ് താന്‍ അനുഭവിച്ചതെന്ന് മനോഹര പറയുന്നു.

ടെന്‍കു ഫഖ്‌റിയുടെ മുന്‍ ഭാര്യ എന്ന വിശേഷണം മാദ്ധ്യമങ്ങള്‍ തനിക്ക് നല്‍കുന്നതിനേയും അവര്‍ കടുത്ത ഭാഷയില്‍ എതിര്‍ക്കുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് മനോഹര തന്റെ നിലപാട് വ്യക്തമാക്കുന്നത്. 2008ല്‍ തന്റെ സമ്മതംപോലുമില്ലാതെയാണ് വിവാഹം നടന്നതെന്നും ലൈംഗിക അതിക്രമം ദിനചര്യയായി മാറിയിരുന്നുവെന്നും മനോഹര പറയുന്നു. താത്പര്യമില്ലെന്ന് പറഞ്ഞാലും നിര്‍ബന്ധിച്ചാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നുവെന്നും അവര്‍ പറയുന്നു.

പതിനാറാം വയസ്സില്‍ നടന്ന വിവാഹം നേരത്തെ തന്നെ വിവാദമായിരുന്നു. മലേഷ്യയില്‍ താമസിച്ച കാലത്ത് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായും വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും മനോഹര പറഞ്ഞു. സഞ്ചാര സ്വാതന്ത്ര്യം വരെ നിഷേധിച്ചു. സ്വന്തം കുടുംബവുമായി ബന്ധം പുലര്‍ത്തുന്നതില്‍ പോലും നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഒരു തടവുകാരിയെ പോലെയായിരുന്നു കൊട്ടാരത്തിലെ ജീവിതമെന്നും മനോഹര ആരോപിച്ചു. 2009ല്‍ രാജകുടുംബം സിംഗപ്പുരിലേക്കു നടത്തിയ ഒരു വിനോദ യാത്രയ്ക്കിടെ മനോഹര ഇന്തൊനേഷ്യയിലേക്കു രക്ഷപ്പെടുകയായിരുന്നു.

അത്തരത്തില്‍ ഒരു ബന്ധം എനിക്ക് ആവശ്യമായിരുന്നില്ലെന്ന കാര്യത്തില്‍ ഇന്നും ഞാന്‍ ഉറച്ച് നില്‍ക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് നടന്നകാര്യമാണ് ആ വിവാഹം. വിക്കിപീഡിയ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മുന്‍ഭാര്യ എന്ന പ്രയോഗം ഒഴിവാക്കണം. മാദ്ധ്യമങ്ങളും ആ മര്യാദ പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' മനോഹര പങ്കുവച്ച കുറിപ്പില്‍ പറയുന്നു.