റോഡ് റീടാറിംഗ് പ്രഹസനമെന്ന് പരാതി

Wednesday 07 January 2026 1:15 AM IST

നെയ്യാറ്റിൻകര: മണലിവിള -ആയു‌‌ർവേദ ആശുപത്രി റോഡ് റീടാറിംഗ് പ്രഹസനമെന്ന് പരാതി. അതിയന്നൂർ പഞ്ചായത്തിലെ ശാസ്താന്തല വാർഡിലെ മണലിവിള മുതൽ ഗവ. ആയുർവേദ ആശുപത്രിയിലേക്ക് പോകുന്ന ദേശാഭിമാനി റോഡിന്റെ ഇരുവശവും ടാർ പൂശിയ നിലയിലാണ്. റോഡിന്റെ നടുക്കുഭാഗത്ത് ടാറ് ഒരുപൊടിപോലുമില്ല. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനിനായി റോഡ് കുഴിച്ചതോടെയാണ് റോഡ് തകരാൻ തുടങ്ങിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് അധികൃതർ റീടാറിംഗിന് അനുമതി നൽകി. എന്നാൽ റോഡ് മുഴുവൻ റീടാർ ചെയ്യുന്നതിന് പകരം റോഡിന്റെ അരികിലൂടെ മാത്രം ടാറിട്ടിരിക്കുകയാണിപ്പോൾ. വാട്ടർ അതോറിട്ടി വക റോ‌ഡിൽ ചില മെയിന്റനൻസുകൾ നേരത്തേ നടത്തിയിരുന്നു. അതിന് മുകളൂടെയാണ് ഇപ്പോഴത്തെ ടാറിംഗ് പ്രഹസനം.

അതേ സമയം തൊട്ടടുത്ത വെൺപകൽ വാർഡിലെ വെൺപകൽ പൂതംകോട് റോഡ് മുഴുവനായി ടാർ ചെയ്തിട്ടുണ്ട്.

ഇപ്പോഴത്തെ റോഡ് ടാറിംഗിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആയുർവേദ ആശുപത്രിയുടെ മുന്നിലെ റോഡിൽ വേസ്റ്റ് മണ്ണും കല്ലും ഇറക്കിയിട്ടിരിക്കുന്നത് കാരണം യാത്രാ ബുദ്ധിമുട്ടുമുണ്ട്.