ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 152-ാം രക്തസാക്ഷിത്വ ദിനം : നവോത്ഥാന ചരിത്രത്തിലെ ഒറ്റയാൻ

Wednesday 07 January 2026 12:06 AM IST

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ,​ കേരള നവോത്ഥാനത്തിന് അടിസ്ഥാന ശിലയിട്ട ആറാട്ടുപുഴ വേലായുധപ്പണിക്കരെ ചരിത്രകാരന്മാർ അവഗണിച്ചെങ്കിലും, അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിലെ തിളക്കമുള്ള ഏടുകളായിത്തന്നെ ശേഷിക്കും. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ രക്ഷസാക്ഷിത്വ ദിനമാണ് ഇന്ന്. 1866-ൽ, തിരുവിതാംകൂറിലെ ആദ്യത്തെ കർഷകത്തൊഴിലാളി സമരം സംഘടിപ്പിച്ചത് വേലായുധപ്പണിക്കരാണ്. 'അച്ചിപ്പുടവ സമരം" എന്നും അറിയപ്പെട്ട ഈ സമരം,​ അവർണ സ്‌ത്രീകൾക്ക് മുട്ടിനു താഴെവരെ നീട്ടി മുണ്ടുടുക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു.

1825 ജനുവരി അ‍ഞ്ചിന് ആലപ്പുഴയിലെ കാർത്തികപ്പള്ളിയിൽ,​ ആറാട്ടുപുഴ വില്ലേജിൽ കല്ലിശ്ശേരി തറവാട്ടിലാണ് പണിക്കരുടെ ജനനം. മാതാവ് കല്ലിശ്ശേരി പെരുമാൾ ചേകവരുടെ (പെരുമാളച്ചൻ) പുത്രി കാളി. പിതാവ് കായംകുളം എരുവയിൽ കുറ്റിത്തറയിൽ ഗോവിന്ദപ്പണിക്കർ. കൊച്ചു വേലായുധനെ പ്രസവിച്ച് പതിമൂന്നാം ദിവസം മാതാവും, ഒരുവർഷം കഴിഞ്ഞ് പിതാവും മരണമടഞ്ഞു. പിന്നീട് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലായിരുന്നു വേലായുധന്റെ ബാല്യം.

ധാരാളം സ്വത്തുക്കളും കച്ചവടവും കളരി പാരമ്പര്യമുണ്ടായിരുന്ന കല്ലിശ്ശേരി തറവാട്ടിലെ ഏക അവകാശിയായിരുന്നു വേലായുധൻ. ആശാന്മാരെ വച്ച് സംസ്‌കൃതം, തമിഴ്, മലയാളം, കാവ്യം, ഗണിതം എന്നിവയും, പിന്നീട് ജ്യോതിഷവും വൈദ്യവും പഠിച്ചു. ഒപ്പം, വീട്ടിലെ കളരിയിൽ ആയുധ പരിശീലനവും നടത്തി. ആദ്യം അമ്മാവന്റെയും,​ പിന്നീട് അപ്പൂപ്പന്റെയും മരണശേഷം കല്ലിശ്ശേരി തറവാടിന്റെ കാരണവ സ്ഥാനം ഏറ്റെടുക്കുമ്പോൾ വേലായുധന് 16 വയസേ ആയിരുന്നുള്ളൂ. 1845-ൽ,​ ഇരുപതാം വയസിൽ, പ്രസിദ്ധമായ വാരണപ്പള്ളി തറവാട്ടിലെ വെളുമ്പി പണിക്കത്തിയെ വിവാഹം കഴിച്ചു. ആ ദാമ്പത്യബന്ധത്തിൽ ഏഴ് ആൺസന്തതികൾ പിറന്നു.

ക്ഷേത്രത്തിൽ അവർണർക്ക് പ്രവേശനം നിഷേധിക്കുക മാത്രമല്ല,​ ക്ഷേത്രപരിസരത്തുകൂടി നടക്കാൻപോലും വിലക്കുണ്ടായിരുന്ന അക്കാലത്ത്, 1854-ൽ ആറാട്ടുപുഴ മംഗലത്ത് ശിവക്ഷേത്രം നിർമ്മിച്ച്, മാവേലിക്കര കണ്ടിയൂർ മറ്റം വിശ്വനാഥ ഗുരുക്കളെക്കൊണ്ട് പ്രതിഷ്ഠ നടത്തിച്ച് നാട്ടുകാർക്ക് വിട്ടുകൊടുത്ത് വേലായുധപ്പണിക്കർ തന്റെ സാമൂഹ്യവിപ്ളവത്തിന് തുടക്കം കുറിച്ചു. തുടർന്ന് 1859-ലായിരുന്നു,​കായംകുളത്ത് നടത്തിയ മേൽമുണ്ട് സമരം. മേൽമുണ്ട് ധരിച്ച് കമ്പോളത്തിലെത്തിയ ഈഴവ യുവതിയെ മേൽജാതിക്കാർ തുണി വലിച്ചുകീറി, മാറിൽ വെള്ളയ്ക്കാമോട് പിടിപ്പിച്ച് അപമാനിച്ചതിനെതിരെയായിരുന്നു ആ സമരം.

ഇതേ വർഷം തന്നെ പന്തളത്ത് സ്വർണമൂക്കുത്തി ധരിച്ചെത്തിയ അവർണ യുവതിയുടെ മൂക്കുത്തി പറിച്ചെടുത്തതിന് പകരംവീട്ടാൻ വേലായുധപ്പണിക്കരും സംഘവുമെത്തിയത് ഒരു കിഴി നിറയെ മൂക്കുത്തിയുമായിട്ടാണ്. അവർണ സ്‌ത്രീകൾക്ക് മൂക്കുത്തികൾ നല്കിയ ശേഷം,​ അത് ധരിച്ചു നടക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. അന്നുമുതൽ അവർണ സ്‌ത്രീകൾ മൂക്കുത്തി ധരിക്കുന്നതിനെ ആരും എതിർത്തില്ല.

1861-ൽ, താൻ സ്ഥാപിച്ച മംഗലം ക്ഷേത്രത്തിൽ വേലായുധപ്പണിക്കർ ഒരു കഥകളിയോഗം സ്ഥാപിച്ച്, യുവാക്കളെ പരിശീലിപ്പിച്ച് അരങ്ങേറ്റവും നടത്തി. ഇതിനെതിരെ പരാതിയുയർന്നപ്പോൾ ദിവാന്റെ മുൻപിൽ സ്വയം വാദിച്ച് കഥകളി നടത്തുന്നതിനുള്ള അനുവാദം നേടിയെടുത്തു.

1867-ൽ, പൊതുവഴികളിൽ സവർണ മേധാവികൾ സഞ്ചരിക്കുമ്പോൾ 'ഹോയ്" മുഴക്കി അവർണരെ തീണ്ടാപ്പാട് അകലെ നിറുത്തിയിരുന്നതിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. പൊതുവഴിയിലൂടെ 'ഹോയ്" വിളിച്ചെത്തിയ ഇടപ്പള്ളി രാജാവിന്റെ മകൻ രാമൻ മേനവനെയും പരിവാരങ്ങളെയും ആറാട്ടുപുഴയും അനുയായികളും എതിരിട്ടത് തിരികെ 'ഹോയ്" വിളിച്ചായിരുന്നു. തുടർന്നുണ്ടായ മല്ലയുദ്ധത്തിൽ മേനോനെയും ശിങ്കിടികളെയും തോൽപ്പിച്ച് ഓടിച്ചു. ഇത് പൊലീസ് കേസായി വേലായുധപ്പണിക്കരെ ജയിലിലടച്ചു ശിക്ഷിച്ചെങ്കിലും ആ പ്രദേശത്ത് പിന്നീട് 'ഹോയ്" വിളികൾ മുഴങ്ങിയില്ല!

മേൽ ജാതിക്കാരുടെ അനീതികൾക്കെതിരെ നിരന്തരം പോരാടിയ വേലായുധപ്പണിക്കരെ പരസ്യമായി എതിർക്കാൻ ആരും ധൈര്യപ്പെട്ടില്ല. എന്നാൽ,​ അദ്ദേഹത്തിനെതിരെ രഹസ്യമായി പല ഉപജാപങ്ങളും നടക്കുന്നുണ്ടായിരുന്നു. 1874 ജനുവരി ഏഴിനു രാത്രി,​ ഒരു കേസിന്റെ ആവശ്യത്തിനായി പിറ്റേന്നു രാവിലെ കൊല്ലത്ത് എത്തുന്നതിനായി തണ്ടുവലിക്കുന്ന ബോട്ടിൽ യാത്രതിരിച്ചതായിരുന്നു വേലയുധപ്പണിക്കർ. കായംകുളം കായലിൽ എത്തിയപ്പോൾ അർദ്ധരാത്രിയായി. നല്ല ഉറക്കത്തിലായിരുന്നു അദ്ദേഹം. ഒരു കേവുവള്ളത്തിൽ പിന്തുടർന്ന ശത്രുക്കൾ, പണിക്കരെക്കണ്ട് ഒരു അടിയന്തര കാര്യം അറിയിക്കാനുണ്ടെന്നു പറഞ്ഞ് ബോട്ട് നിറുത്തിച്ചു.

ബോട്ടിൽ കയറിയ രണ്ടുമൂന്നു പേരിൽ ഒരാൾ വേലായുധപ്പണിക്കരുടെ ബന്ധുവും മുൻ ആശ്രിതനുമായ തൊപ്പിയിട്ട കിട്ടനായിരുന്നു. അപ്പോഴും നല്ല ഉറക്കത്തിലായിരുന്ന വേലായുധപ്പണിക്കരുടെ നെഞ്ചത്തേക്ക്,​ കിട്ടൻ കൈയിൽ ക്കരുതിയിരുന്ന കഠാര കുത്തിയിറക്കി. നെഞ്ചിലെ കഠാരയുമായി പണിക്കർ ചാടിയെഴുന്നേല്ക്കുന്നതിനിടെ കൊലയാളികൾ അവർ വന്ന വള്ളത്തിൽ കയറി രക്ഷപ്പെട്ടു. അങ്ങനെ അനീതികൾക്കെതിരെ നിരന്തരം പടപൊരുതിയ ആ ധീരകേസരി, 49-ാം വയസിൽ രക്തസാക്ഷിത്വം വരിച്ചു.

(ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷന്റെ ചെയർമാൻ ആണ് ലേഖകൻ)