ചിത്രകാരനുമായി സംവദിച്ച് ശാസ്ത്രത്തെ അറിയാം; ക്വാണ്ടം സയൻസ് എക്സിബിഷനിൽ താരമാണ് യദുനാഥ്

Tuesday 06 January 2026 9:09 PM IST

പടന്നക്കാട് : ക്വാണ്ടം സയൻസ് എക്സിബിഷനിൽ ശാസ്ത്രകുതുകികളായ വിദ്യാർത്ഥികളുമായി സംവദിച്ച് ചിത്രകാരൻ യദുനാഥ്. എക്സിബിഷനിലെ ഏറ്റവും ആകർഷകമായ ഇന്ത്യൻ ശാസ്ത്രപ്രതിഭകളുടെ ഛായാചിത്രങ്ങൾ ഒരുക്കിയാണ് കലാകൃത്തും ചിത്രകലാ അദ്ധ്യാപകനുമായ യദുനാഥ് ക്വാണ്ടം സെന്റിനറി എക്സിബിഷനിൽ താരമായത്.

ക്വാണ്ടം ഫിസിക്സിൽ നിർണായക സംഭാവനകൾ നൽകിയ സി.വി. രാമൻ, സതേന്ദ്രനാഥ ബോസ്, സുബ്രഹ്മണ്യൻ ചന്ദ്രശേഖർ, ഇ.സി.ജി.സുദർശൻ,ഹോമി ജഹാംഗീർ ബാബ,മേഘനാഥ് സാഹ എന്നീ ആറു ശാസ്ത്ര പ്രതിഭകളുടെ മോണോക്രോം അക്രിലിക് പോർട്രെയിറ്റുകളാണ് പ്രദർശനത്തിലെ മുഖ്യ ആകർഷണ കേന്ദ്രം. ബ്രണ്ട് അമ്പർ, പ്രഷ്യൻ ബ്ലൂ, ടൈറ്റാനിക് വൈറ്റ് എന്നീ കളറുകൾ ഉപയോഗിച്ച് പന്ത്രണ്ടടി ചതുരശ്ര അടി വലുപ്പത്തിൽ ഒരുക്കിയ ഇവരുടെ പോർട്രെയിറ്റുകൾ ഇന്ത്യയിൽ തന്നെ അപൂർവമാണ്. ചിത്രങ്ങൾക്ക് മുന്നിൽ നിന്ന് ചിത്രകാരൻ തന്നെ വിശദീകരണവും നൽകുന്നുണ്ട്.

കണ്ണൂർ പേരാവൂർ സ്വദേശിയാണ് യദുനാഥ്. തൃശ്ശൂർ ഗവ.കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നാണ് പെയിന്റിംഗിൽ ബിരുദം നേടിയത്. പടന്ന എം.ആർ.വി.എച്ച്.എസിൽ ഹൈസ്കൂൾ ചിത്ര കലാ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ഇദ്ദേഹത്തിന് .2023- 25 കാലയളവിൽ കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പും ലഭിച്ചിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺ ലൈൻ പോർട്ടലായ ലൂക്കയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പാലക്കാട് ഐ.ഐ.ടിയിൽ നടന്ന സയൻസ് സ്ലാമിൽ ആർട്ട് വർക്കുകൾ ചെയ്ത അനുഭവവും യദുനാഥിനുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ ജോയിന്റ് സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. കെ.എസ്.ഇ.ബി. റിട്ട. ഓവർ സീയറും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ വിശ്വനാഥിന്റെയും കെ.എസ്.ഇ.ബി യിൽ താൽക്കാലിക സീനിയർ അസിസ്റ്റന്റായ സുഷമയുടെയും മകനാണ്.സഹോദരി ഗംഗ കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സോഫ്ട് വെയർ ടെസ്റ്ററാണ്.