ജലസവാരിപ്പെരുമ വീണ്ടെടുക്കണം കോട്ടപ്പുറത്തിന് വേണം 'വേഗ"

Tuesday 06 January 2026 9:47 PM IST

നീലേശ്വരം: അരനൂറ്രാണ്ടുമുമ്പു വരെ പ്രതാപത്തോടെ നിന്നിരുന്ന ഉത്തരകേരളത്തിലെ ഉൾനാടൻ ജലഗതാഗതത്തിന്റെ ചുവടുപിടിച്ച് മേഖലയുടെ ടൂറിസം സാദ്ധ്യത വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ ജലപാതയിൽ 'വേഗ' എയർകണ്ടീഷൻഡ് ഡബിൾ ഡെക്കർ ബോട്ട് സർവീസ് ആരംഭിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ടൂറിസം സാദ്ധ്യത കൂടി കണക്കിലെടുത്താണ് അത്യാധൂനിക എ.സി ബോട്ട് അനുവദിക്കണമെന്ന ആവശ്യമുയരുന്നത്. ഇതിനായി തൃക്കരിപ്പൂരിലെ ജലഗതാഗതവകുപ്പിന്റെ മേഖല ഓഫീസ് സർക്കാരിലേക്ക് ശിപാർശ നൽകിയത് വലിയ പ്രതീക്ഷയോടെയാണ് തീരദേശത്തുകാർ കാണുന്നത്.

ബോട്ട് ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനായി നീലേശ്വരം നഗരസഭയുമായി ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയിരുന്നു. ഒരേസമയം നൂറു പേർക്ക് സഞ്ചരിക്കാവുന്ന ഈ ബോട്ട് വന്നാൽ കുറഞ്ഞ ചിലവിൽ കായൽ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാൻ സാധിക്കും. സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായാൽ മലബാറിലെ ജലഗതാഗത മേഖലയ്ക്കും ടൂറിസത്തിനും വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് ഈ രംഗത്തെ സംരംഭകരും വിദഗ്ധരും പറയുന്നത്. കോട്ടപ്പുറത്ത് നിന്നും മുക്കടയിലേക്കുള്ള യാത്രയിൽ പാലായിയിൽ ഷട്ടർ കം ബ്രിഡ്ജ് നിർമ്മിച്ചത് വലിയ ബോട്ടുകൾക്ക് കടന്നുപോകാനുള്ള സൗകര്യം മുൻകൂട്ടി കണ്ടാണെന്നതും ശ്രദ്ധേയമാണ്.

നിലവിൽ പടന്ന വരെയാണ് ട്രാൻസ്പോർട്ട് ബോട്ട് സ‌ർവീസ് നടത്തുന്നത്.ഇത് കോട്ടപ്പുറത്തേക്ക് നീട്ടണമെന്ന് ജനപ്രതിനിധികൾ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

പാലങ്ങൾ വന്നു;പ്രിയം കുറഞ്ഞു

കോട്ടപ്പുറത്ത് നിന്ന് പയ്യന്നൂരിലേക്കും തേജസ്വിനിപ്പുഴയിലൂടെ കിഴക്കൻ ഗ്രാമമായ മുക്കട തളിയമ്മാടയിലേക്കും 50 വർഷം മുമ്പ് പ്രധാന യാത്രാമാർഗം ബോട്ട് സർവീസായിരുന്നു. പയ്യന്നൂരിലേക്ക് മാത്രം കോട്ടപ്പുറത്ത് നിന്ന് അഞ്ച് ബോട്ടുകളാണ് അക്കാലത്ത് സർ‌വീസ് നടത്തിയിരുന്നത്. കോട്ടപ്പുറത്ത് നിന്ന് പയ്യന്നൂരിലേക്ക് 2010 വരെ ബോട്ട് സർവീസ് സജീവമായിരുന്നു. കോട്ടപ്പുറത്തിനും പയ്യന്നൂരിനുമിടയിൽ പത്തോളം ബോട്ട് ജെട്ടികളാണ് അന്ന് ഉണ്ടായിരുന്നത്. അച്ചാംതുരുത്തി, ആയിറ്റി തുടങ്ങിയ ഇടങ്ങളിൽ പാലങ്ങൾ വന്നതോടെയാണ് ബോട്ടുകൾക്ക് പ്രിയം കുറഞ്ഞത്. നിലവിൽ ഈ മേഖലയിൽ ഹൗസ് ബോട്ടുകളാണ് ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നത്.

വേഗ 2

സംസ്ഥാന സർക്കാർ ജലഗതാഗത വകുപ്പിലൂടെ നടപ്പാക്കിയിട്ടുള്ള ചെലവ് കുറഞ്ഞ വിനോദസഞ്ചാര സംരംഭമാണ് വേഗ 2.നൂറുപേർക്ക് ഒരെ സമയം യാത്ര ചെയ്യാവുന്ന തരത്തിലാണ് ഇതിനെ ഒരുക്കിയിരിക്കുന്നത്.സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് കൊച്ചി കായലിൽ വിനോദസഞ്ചാരികൾക്കായി വേഗ 2 ഒരുക്കിയിരുന്നനു. വേഗതയേറിയ ഇരട്ട-നില കാറ്റമരൻ ബോട്ടാണിത്. വിനോദ സഞ്ചാരികൾക്കായി എസി, നോൺ-എസി സൗകര്യങ്ങളോടെ കുറഞ്ഞ നിരക്കിൽ ആസ്വാദ്യകരമായ യാത്രാനുഭവമാണ് ഇത് നൽകുന്നത്.