കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം 'ബിയോണ്ട് ദ കേരള സ്റ്റോറി' റിലീസ് തീയതിയായി, പ്രഖ്യാപനവുമായി അണിയറ പ്രവ‌ർത്തകർ

Tuesday 06 January 2026 10:09 PM IST

വിവാദ ചലച്ചിത്രം 'കേരള സ്റ്റോറി'ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നത് ഉറപ്പിച്ച് അണിയറപ്രവർത്തകർ. 'ബിയോണ്ട് ദ കേരള സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫെബ്രുവരി 27ന് റിലീസ് ചെയ്യും. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്‌ചേഴ്‌സ് ലിമിറ്റഡും ചേർന്നാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിംഗാണ് ചിത്രത്തിന്റെ സംവിധായകൻ. ആഷിൻ എ. ഷായാണ് സഹ നിർമ്മാതാവ്.

'അവർ പറഞ്ഞു ഇതൊരു കഥമാത്രമാണെന്ന്. അവർ അതിനെ നിശബ്‌ദമാക്കാൻ ശ്രമിച്ചു. പക്ഷെ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകൾ അവസാനിക്കുന്നില്ല. ഇത്തവണ അത് കൂടുതൽ ആഴത്തിൽ പോകുന്നു. അത് ഇത്തവണ കൂടുതൽ വേദനിപ്പിക്കുന്നു.' അനൗൺസ്‌മെന്റ് വീഡിയോയിൽ ഈ വാക്കുകളോടെയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നിർമ്മാതാക്കൾ അവതരിപ്പിച്ചത്. കഥ എന്താണെന്ന് വ്യക്തമല്ല. മുഖ്യവേഷത്തിലെത്തുക പുതുമുഖങ്ങളാകും.

2023ൽ സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ദി കേരള സ്‌റ്റോറി 300 കോടിയിലധികമാണ് ലോകമാകെ നേടിയത്. അദാ ശർ‌മ്മ, സിദ്ധി ഇദാനി, യോഗിത ബിഹാനി, സോണിയ ബലാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.