വറുതിയടുത്തിട്ടും നാശത്തിന്റെ വക്കിൽ പൊതുകിണറുകൾ

Wednesday 07 January 2026 12:20 AM IST

മുണ്ടക്കയം : വേനൽവറുതിയിൽ ജലക്ഷാമം രൂക്ഷമാകുമ്പോഴും നാശോന്മുഖമായ പൊതുകിണറുകൾ വൃത്തിയാക്കിയെടുക്കാൻ ആർക്കും താത്പര്യമില്ല. ജലസമൃദ്ധമായ അഞ്ഞൂറിലേറെ പൊതുകിണറുകൾ മാലിന്യമിട്ടും, കരിങ്കൽക്കെട്ട് തകർന്നും ഉപയോഗശൂന്യമാണ്. കരിങ്കല്ലിൽ തീർത്ത ആൾമറയോട് കൂടിയതാണ് മിക്കതും. എന്നാൽ മിക്കവയും കാടുമൂടിയും ഉള്ളിൽ കുറ്റിച്ചെടികളടക്കം വളർന്നു പൊന്തിയും നിൽക്കുകയാണ്. ചിലതിന്റെ സംരക്ഷണ ഭിത്തി തകർന്ന് ഉള്ളിൽ വീണും തൂണുകൾ ചരിഞ്ഞ നിലയിലുമാണ്. ചിലയിടങ്ങളിൽ മാലിന്യം തള്ളുന്നതിനാണ് പൊതു കിണറുകൾ എന്ന സ്ഥിതിയാണ്. ഗാർഹിക, വ്യവസായിക മാലിന്യങ്ങളും ഭക്ഷ്യ, മാംസാവശിഷ്ടങ്ങളുമാണ് തള്ളിയിരിക്കുന്നത്. കവലകൾ കേന്ദ്രീകരിച്ചുള്ള കിണറുകളിൽ വിവിധതരം പോസ്റ്ററുകളും ബാനറുകളും പതിച്ചിരിക്കുകയാണ്. മേൽമൂടിയുള്ളതാകട്ടെ തുറന്നിട്ട നിലയിലും.

നിർമ്മിക്കാൻ ആവേശം, പരിപാലിക്കാനില്ല

ഭൂരിഭാഗം കിണറുകളും പതിറ്റാണ്ടുകൾക്ക് മുൻപ് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി പ്രകാരം നിർമ്മിച്ചവയാണ്.

ഇക്കൂട്ടത്തിൽ കുളങ്ങളുമുണ്ട്. എന്നാൽ നിർമ്മിക്കാനുള്ള ആവേശം പരിപാലിക്കുന്നതിൽ കാണിക്കുന്നില്ല.

ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജല അതോറിട്ടിയുടെ ശുദ്ധജല വിതരണത്തിനായി ആഴ്ചകളോളം കാത്തിരിക്കുന്നവർ നിരവധിയാണ്. ഈ സാഹചര്യത്തിൽ പഴയ ജലാശയങ്ങൾ വൃത്തിയാക്കിയെടുക്കുന്നത് ഗൗരവമായി കാണണമെന്നാണ് ആവശ്യം.

വൃത്തിയാക്കിയാൽ ഗുണകരം

മുഴുവൻ ജലസമൃദ്ധമായ കിണറുകളും കണ്ടെത്തണം

തേകിയും വൃത്തിയാക്കിയും വക്കുകെട്ടിയും സംരക്ഷിക്കണം

 കുടിക്കാൻ കഴിയില്ലെങ്കിലും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം