ഐ.ആർ.സി.ടി.സി അഴിമതിക്കേസ് : തേജസ്വിയും ഹൈക്കോടതിയിൽ

Wednesday 07 January 2026 12:48 AM IST

ന്യൂഡൽഹി: ഐ.ആർ.സി.ടി.സി അഴിമതിക്കേസിലെ വിചാരണാനടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബീഹാറിലെ പ്രതിപക്ഷനേതാവ് തേജസ്വി യാദവും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പിതാവും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് നേരത്തെ ഹ‌ർജി സമർപ്പിച്ചിരുന്നു. തേജസ്വിയുടെ ഹർജിയിൽ ജസ്റ്റിസ് സ്വരാന കാന്ത ശർമ്മയുടെ ബെഞ്ച് സി.ബി.ഐയുടെ നിലപാട് തേടി. നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ലാലുവിന്റെ ഹർജിക്കൊപ്പം 14ന് പരിഗണിക്കും. സ്റ്റേ ആവശ്യത്തിൽ അന്ന് വാദം കേൾക്കും. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ അടക്കം ചുമത്തിയ ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ഇരുവരുടെയും ഹർജിയിൽ ആവശ്യപ്പെട്ടു. കേസിൽ ലാലുവിന്റെ ഭാര്യ റാബ്റി ദേവിയും പ്രതിയാണ്. ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലയളവിൽ റെയിൽവേ ജോലിക്ക് പകരമായി ഭൂമി വാങ്ങി അഴിമതി നടത്തിയെന്നാണ് സി.ബി.ഐ കേസ്.