പുന്നപ്ര അപ്പച്ചന് നാടിന്റെ യാത്രാമൊഴി

Wednesday 07 January 2026 8:51 AM IST

അമ്പലപ്പുഴ: പുന്നപ്രക്കാരുടെ സ്വന്തം സിനിമാനടനായ പുന്നപ്ര അപ്പച്ചന് നാട് വിട നൽകി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധി പേർ അപ്പച്ചനെ അവസാനമായി കാണാൻ എത്തിയിരുന്നു. എച്ച്.സലാം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.മനീഷ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.ലിജു, കേരള കോൺഗ്രസ്.എം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.പ്രദീപ് കൂട്ടാല, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.രാഹുൽ, മധു പുന്നപ്ര, പുന്നപ്ര തെക്കുപഞ്ചായത്ത് പ്രസിഡന്റ് തോബിയാസ്, ബ്രദർ മാത്യു ആൽബിൻ, സി.പി.എം ഏരിയ സെക്രട്ടറി സി.ഷാംജി തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.പള്ളി വികാരി ഫാ.ആന്റണി കട്ടിക്കാടൻ, സഹവികാരി ഫാ.ജോസ് എന്നിവർ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഇന്നലെ വൈകിട്ട് പറവൂർ സെന്റ് തോമസ് ദേവാലയത്തിലെത്തിച്ച മൃതദേഹം സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിച്ചു. കുളിമുറിയിൽ വീണ് തലയ്ക്കു പരിക്കേറ്റ് വിശ്രമിക്കവേ തിങ്കളാഴ്ചയായിരുന്നു പുന്നപ്ര അപ്പച്ചന്റെ അന്ത്യം.