'ദൈവങ്ങൾക്കെന്തിനാ പണം?', കള്ളൻ അബ്‌ദുള്ളയുടെ ചോദ്യം പൊലീസിനോടും നാട്ടുകാരോടും

Tuesday 06 January 2026 11:58 PM IST

പാനൂർ: പതിനേഴാം വയസിൽ മോഷണം തൊഴിലാക്കിയ നാദാപുരം തൂണേരി സ്വദേശി കുഞ്ഞിക്കണ്ടി അബ്ദുള്ള അറുപത് വയസിനിടെ 10 വർഷം ജയിൽ വാസം അനുഭവിച്ചു. ക്ഷേത്ര മോഷണക്കേസുകളിൽ കഴിഞ്ഞദിവസവും പാനൂർ പൊലീസിന്റെ പിടിയിലായ അബ്ദുള്ള എന്നിട്ടും മോഷണം ഉപേക്ഷിക്കാൻ തയ്യാറായില്ല. ക്ഷേത്ര മോഷണത്തെ കുറിച്ചുള്ള പാനൂർ പൊലീസിന്റെ ചോദ്യത്തോട് അബ്ദുള്ള പ്രതികരിച്ചത് 'ദൈവങ്ങൾക്കെന്തിനാ പണം' എന്നുള്ള മറുചോദ്യം കൊണ്ടാണ്.

എലാങ്കോട് മഹാവിഷ്ണു ക്ഷേത്രം, പുത്തൂർ കുയിമ്പിൽ ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവൻ കാവ്, പൂക്കോം കല്ലുള്ള പുനത്തിൽ ക്ഷേത്രം, തൂവ്വക്കുന്ന് അയ്യപ്പമഠം തുടങ്ങിയിടങ്ങളിൽ മോഷണം നടത്തിയ പ്രതിയെ വളരെ സാഹസപ്പെട്ടാണ് പൊലീസ് പിടികൂടിയത്. അഞ്ച് ദിവസത്തോളം മംഗളൂരുവിൽ ക്യാമ്പ് ചെയ്ത പൊലീസ് അവിടെ ഒരു പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ സഹായവും തേടിയിരുന്നു. ഇവർ നൽകിയ സൂചനകളെ തുടർന്നാണ് പ്രതിയിലേക്കെത്തിയത്.

തന്നെ കാണാനെത്തിയ ക്ഷേത്രം ഭാരവാഹികളോടും അബ്ദുള്ള ദൈവത്തിനെന്തിനാ പണമെന്ന് ചോദിക്കുന്നുണ്ടായിരുന്നു. പള്ളിയിൽ കയറി മോഷ്ടിക്കുമോ എന്ന ക്ഷേത്രം ഭാരവാഹിയുടെ ചോദ്യത്തിന് എല്ലായിടത്തും കയറുമെന്നായിരുന്നു മറുപടി. വൈക്കം മുഹമ്മദ് ബഷീറിന്റെ 'പൊൻകുരിശു തോമ' എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധമാണ് അബ്ദുള്ളയുടെ പ്രകടനമെന്ന് ചിലർ പറഞ്ഞു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലും അബ്ദുള്ളക്കെതിരെ കേസുകളുണ്ട്. ഒരു മകൾ ഡോക്ടറാണെന്ന് അവകാശപ്പെടുന്ന അബ്ദുള്ളക്ക് പക്ഷേ വർഷങ്ങളായി വീടുമായി ബന്ധമൊന്നുമില്ല. വടകരയിൽ ക്ഷേത്ര മോഷണം നടത്തി അറസ്റ്റിലായ അബ്ദുള്ള ഈയിടെ ജാമ്യത്തിലിറങ്ങിയാണ് മോഷണം തുടർന്നത്. പാനൂർ സി.ഐ എം.വി ഷിജു, എസ്.ഐമാരായ പി.ആർ ശരത്ത്, മരിയ പ്രിൻസ്, എ.എസ്.ഐമാരായ നിവേദ്, ബൈജു, എസ്.സി.പി.ഒ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.