ദേശീയ പാത മേൽപ്പാലങ്ങൾ തൂണുകളിൽ മാത്രം
ന്യൂഡൽഹി: മലപ്പുറത്തും കൊല്ലത്തുമുണ്ടായ അപകടങ്ങളുടെ പശ‌്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതാ മേൽപ്പാലങ്ങൾ തൂണുകളിലാകും നിർമ്മിക്കുകയെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ അറിയിച്ചു. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതി ഫെബ്രുവരി- മാർച്ച് മാസം പ്രഖ്യാപിക്കും. മതിൽകെട്ടി മണ്ണു നിറയ്‌ക്കുന്ന (ആർ.ഇ വാൾ) രീതിക്ക് പകരമാണ് തൂണുകളിൽ മേൽപ്പാലം വരുന്നത്. ഓച്ചിറ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ തനിക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ മന്ത്രിയെ ധരിപ്പിച്ചു. തിരുവനന്തപുരം നിവാസികൾക്ക് പുതുവർഷ സമ്മാനമായി അടുത്ത മാസം ഔട്ടർ റിംഗ് റോഡ് മോദി സർക്കാർ സമ്മാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. റോഡിനാവശ്യമായ സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയാവും ഭൂമിയേറ്റെടുക്കലെന്നും ഗഡ്കരിയുമായി നടത്തിയ യോഗത്തിന് ശേഷം രാജീവ് ചന്ദ്രശേഖർ അറിയിച്ചു.