അന്തർസംസ്ഥാന ചന്ദനക്കടത്ത് സംഘം പിടിയിൽ

Wednesday 07 January 2026 2:00 AM IST

പാലോട്: വർക്കലയിൽ നിന്ന് അന്തർസംസ്ഥാന ചന്ദന കള്ളക്കടത്ത് സംഘത്തിലെ അഞ്ചുപേരെ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടി.ഇതിൽ ഒരാൾ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. ഇലകമൺ ആറാം വാർഡിൽ പട്ടി നിഷാദ് എന്ന് വിളിക്കുന്ന നിഷാദ് (38),ശിവഗിരി ലക്ഷം വീട് കോളനിയിൽ കുന്നിൽ വീട്ടിൽ സബറുള്ള (48), മലപ്പുറം ഒതുങ്ങലിൽ പാറക്കളം കാരി ഹൗസിൽ അബ്ദുൾ കരിം (55), ഇടവ മാന്തറ നഫീൽ ഹൗസിൽ നൗഫൽ (23), വർക്കല തെക്കേവിളയിൽ ഹുസൈൻ (24) എന്നിവരാണ് 52 കിലോ ചന്ദനവും 14 കിലോ ചന്ദന ചീളുകളുമായി പിടിയിലായത്.ഇതിൽ നിഷാദ് പതിനാറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്,

ഒളിവിൽ കഴിയുകയായിരുന്നു.

നിഷാദ് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്നായി വ്യാപകമായി ചന്ദനമരം മോഷ്ടിച്ച് മലപ്പുറം സ്വദേശിയായ അബ്ദുൾ കരീമിന് നൽകും.തുടർന്ന് ​ഇവ പാഴ്സലായി കർണാടക - മഹാരാഷ്ട്ര അതിർത്തിയായ ശങ്കേശ്വർ, ബൽഗാം എന്നിവിടങ്ങളിലുള്ള ചന്ദന ഫാക്ടറികളിൽ ഷെറീഫ് എന്ന ഇടനിലക്കാരനിലൂടെ നൽകുകയായിരുന്നു.

പ്രതികളെ പിടികൂടാൻ വർക്കല, അയിരൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സഹായിച്ചു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ വർക്കല,കിളിമാനൂർ,പാരിപ്പള്ളി,പള്ളിക്കൽ എന്നിവിടങ്ങളിൽ നിന്ന് 6 കേസുകളിലായി 24 പ്രതികളെയും 492 കിലോ ചന്ദനവും, നിരവധി വാഹനങ്ങളും പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. പാലോട് റെയ്ഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ് കുമാർ,ബി.എഫ്.ഒമാരായ അഭിമന്യൂ,ഷൺമുഖദാസ്,ഹരിപ്രസാദ്,ഷൈജു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.