എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം പുറപ്പെട്ടു

Wednesday 07 January 2026 12:07 AM IST

അമ്പലപ്പുഴ: എരുമേലി പേട്ടതുള്ളി ശബരീശ ദർശനത്തിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രഭാതശീവേലിക്ക് ശേഷം പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള തങ്കത്തിടമ്പ് ക്ഷേത്രം മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരി കിഴക്കേ ഗോപുര നടയിൽ വച്ച് പൂജിച്ച് സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളക്ക് കൈമാറി. തുടർന്ന് തിടമ്പ് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിലേക്ക് എഴുന്നള്ളിച്ച് രഥ ഘോഷയാത്രയായി പത്ത് നാൾ നീളുന്ന തീർത്ഥാടനത്തിന് തുടക്കം കുറിച്ചു. ഈ സമയത്ത് കൃഷ്ണപ്പരുന്ത് മാനത്ത് വട്ടമിട്ടു പറന്നു. ഇരുമുടിക്കെട്ടേത്തിയ സ്വാമി ഭക്തർ രഥത്തിനൊപ്പം നടന്നു നിങ്ങി. 49 ദിവസം അമ്പലപ്പുഴ ക്ഷേത്രത്തിൽ മൂന്നു നേരം അന്നദാനവും 19 ആഴി പൂജകളും നടത്തിയ ശേഷമാണ് തീർത്ഥാടനത്തിന് ആരംഭം കുറിച്ചത്. 40 മാളികപ്പുറങ്ങളടക്കം 250 പേരാണ് സംഘത്തിലുള്ളത്. നൂറിൽ പരം സ്ഥലങ്ങളിൽ സംഘത്തിന് സ്വീകരണം നൽകും.

അമ്പലപ്പുഴക്കാർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് മകരവിളക്ക് ദിവസം രാവിലെ ദേവന് അഭിഷേകം ചെയ്യും.ഇരുമുടിക്കെട്ടിൽ കരുതുന്ന കാര എള്ള്, ശർക്കര, നെയ്യ്, തേൻ, കൽക്കണ്ടം,​ മുന്തിരി, തേൻ ഇവ ഉപയോഗിച്ച് തയ്യാറാക്കുന്ന എള്ള് പായസം അത്താഴപ്പൂജക്ക് നിവേദിക്കും.

9ന് മണിമലക്കാവിൽ ആഴി പൂജ, പതിനൊന്നിന് എരുമേലി പേട്ടതുള്ളൽ, പതിമൂന്നിന് പമ്പ സദ്യ, മകര വിളക്ക് ദിവസം സന്നിധാനത്ത് നെയ്യഭിഷേകം, മഹാനിവേദ്യം, കർപ്പൂരാഴി പൂജ, മകരവിളക്കിന്റെ പിറ്റേ ദിവസം മണിമണ്ഡപത്തിൽ നിന്ന് സന്നിധാനത്തേക്ക് ശീവേലി എഴുന്നള്ളത്ത് എന്നിവ പൂർത്തിയാക്കി പതിനഞ്ചിന് രാത്രിയിൽ സംഘം മലയിറങ്ങും.സംഘം ഭാരവാഹികളായ ആർ. ഗോപകുമാർ, കെ.ചന്ദ്രകുമാർ, ജി.ബിജു, ജിതിൻ രാജ്, വിജയ് മോഹൻ, രഥയാത്രാ ചെയർമാൻ പി.വേണുഗോപാൽ എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.