പൊറ്റശേരിയുടെ ഗ്രാമീണതയിൽ നിന്ന് കലോത്സവ നഗരിയിലേക്ക് ' തീം സോംഗ് '

Wednesday 07 January 2026 12:14 AM IST

തൃശൂർ : സ്‌കൂൾ കലാമാമാങ്കത്തിന് തിരശീല ഉയരുമ്പോൾ തീം സോംഗുമായെത്തുകയാണ് പാലക്കാട് പൊറ്റശേരി ഗ്രാമത്തിലെ വിദ്യാലയമായ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ. രചനയും സംഗീതവും ആലപനവും നിർവഹിച്ച തീം സോംഗ് അവതരണത്തിന്റെ അവസാന ഒരുക്കത്തിലാണ് വിദ്യാർത്ഥികളുടെ ഗായകസംഘം. കേരളത്തിന്റെ ഭൂപ്രകൃതിയും നൃത്തവും ഒപ്പനയും നാടൻശീലും കൂടിച്ചേർന്ന നാലര മീനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന്റെ രചന സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി വി.പ്രഫൂൽ ദാസിന്റേതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ നിന്നാണ് പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥികളുടെ പാട്ട് പ്രമേയ ഗാനമായി തെരഞ്ഞെടുത്തത്. ഡിസംബർ പകുതിയോടെയാണ് തീം സോംഗ് തെരഞ്ഞെടുത്തതായി അറിയിപ്പ് ലഭിച്ചത്. ഒരാഴ്ച്ച മുമ്പാണ് ഗാനം ചിട്ടപ്പെടുത്തി പരിശീലനമാരംഭിച്ചത്. ഹൃദ്യ കൃഷ്ണ, വി.കെ.അക്ഷയ് എന്നിവരാണ് ഈണം പകർന്നത്. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ പി.കെ.മുഹമ്മദ് ഫായിസ്, ഹൃദ്യ കൃഷ്ണ, എ.സൂരജ് ചന്ദ്രൻ, കെ.ലക്ഷ്മി, കെ.ഗാഥകൃഷ്ണ , പത്താം ക്ലാസുകാരായ ആബേൽ ബിനോയ്, ജോയൽ മൈക്കിൾ, എട്ടാം ക്ലാസുകാരനായ സി.പി.വിഷ്ണുദത്ത് എന്നിവരാണ് ആമുഖഗാനം പാടിയത്. കായിക മേളയിലെ തീം സോംഗും പ്രഫൂൽ ദാസിന്റേതായിരുന്നു. ഒരു ഗ്രാമപ്രദേശത്തെ വിദ്യാലയത്തിലെ കുട്ടികളുടെ ഈ നേട്ടം നാടിന് അഭിമാനകരമാണെന്ന് പ്രിൻസിപ്പൽ സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് ടി.സബിത, പി.ടി.എ പ്രസിഡന്റ് പി.ജയരാജൻ, അദ്ധ്യാപകൻ മൈക്കിൾ ജോസഫ് എന്നിവർ പറഞ്ഞു. തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന പൊറ്റശേരി സ്‌കൂളിൽ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ 1750 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.