ട്രേഡിംഗ് വഴി ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് 40 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

Wednesday 07 January 2026 2:15 AM IST

ആലുവ: ഫോറക്സ് ട്രേഡിംഗ് വഴി ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 40ലക്ഷംരൂപ തട്ടിയെടുത്ത കാസർകോട് ഇരിയാൻ പള്ളംവീട്ടിൽ മുഹമ്മദ് ഹബീബ് റഹ്മാനെ (25) റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തു. ആൻസോ ക്യാപ്പിറ്റൽ എന്ന കമ്പനിയുടെ ആളാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് കോടനാട് ചേരാനല്ലൂർ സ്വദേശിയിൽ നിന്നാണ് പണംതട്ടിയതെന്ന് പൊലീസ് പറഞ്ഞു.

2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വിവിധ ദിവസങ്ങളിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽനിന്ന് പണം അയപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ 10 ഇടപാടുകളിലൂടെയാണ് മുഴുവൻ പണവും കൈക്കലാക്കിയത്. തുടർന്ന് 1,11,552 രൂപ പരാതിക്കാരന് അയച്ച് കൊടുത്ത് ലാഭം ഉൾപ്പെടെ ബാക്കി 40, 09,962 രൂപ നൽകാതിരിക്കുകയായിരുന്നു. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാണ് അന്വേഷണസംഘം മുഹമ്മദ് ഹബീബ് റഹ്മാനിലേക്ക് എത്തുന്നത്.

അന്വേഷണത്തിൽ ഇയാൾ വിദേശത്താണെന്ന് അറിഞ്ഞതിനെ തുടർന്ന് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ മുഹമ്മദ് ഹബീബ് റഹ്മാനെ പിടികൂടുകയായിരുന്നു.

ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐമാരായ സി.കെ. രാജേഷ്, ടി.കെ. വർഗീസ്, എ.എസ്.ഐ ടി.കെ. സലാവുദ്ദീൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.