സ്റ്റീൽ കമ്പനികൾ വിശ്വാസ വഞ്ചന നടത്തി: സി.സി.ഐ

Wednesday 07 January 2026 12:39 AM IST

ന്യൂഡൽഹി: കൃത്രിമ ക്ഷാമുണ്ടാക്കി സ്റ്റീൽ വില കൂട്ടാൻ ഒത്തുകളിച്ച പ്രമുഖ സ്റ്റീൽ കമ്പനികൾ വിശ്വാസ വഞ്ചന നടത്തിയെന്ന് കോമ്പറ്റീഷൻ കമ്മിഷൻ(സി.സി.ഐ)കണ്ടെത്തൽ. പൊതുമേഖലാ കമ്പനി സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ(സെയിൽ), ടാറ്റ സ്റ്റീൽ, ജെ.എസ്. ഡബ്ളു അടക്കം 25 സ്ഥാപനങ്ങൾക്കെതിരെയാണിത്. കമ്പനികളുടെ വാദം കേട്ട ശേഷം പിഴ ചുമത്തൽ അടക്കം നടപടി പ്രഖ്യാപിക്കും.

പ്രമുഖ സ്റ്റീൽ കമ്പനികൾ ഉൽപാദനം കുറച്ച് കൃത്രിമ ക്ഷാമം സൃഷ്‌ടിച്ച് സ്റ്റീൽ വില വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതായുള്ള പരാതിയെ തുടർന്ന് 2021ൽ തുടങ്ങിയ കേസാണിത്. ജെ.എസ്.ഡബ്ളു ഉടമ ഉടമയായ ശതകോടീശ്വരൻ സജ്ജൻ ജിൻഡാൽ, ടാറ്റ സ്റ്റീൽ സി.ഇ.ഒ ടി.വി നരേന്ദ്രൻ അടക്കം 56 ഉന്നത എക്സിക്യൂട്ടീവുകൾ ഉത്തരവാദികളാണെന്നും കമ്മിഷൻ കണ്ടെത്തി. ഇവരുടെ വാദം തൃപ്‌തികരമല്ലെങ്കിൽ വൻ തുക പിഴ ചുമത്തും. ഇതു സംബന്ധിച്ച ഒക്ടോബർ 6ലെ ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നത്. സി.സി.ഐ നിയമങ്ങൾ പ്രകാരം, ഇത്തരം കേസുകൾ അവസാന ഘട്ടത്തിൽ മാത്രമാണ് പരസ്യപ്പെടുത്തുക.