വിജയ്‌യുടെ 'ജനനായകന് ' ചെക്ക് വച്ച് സെൻസർ ബോർഡ്, കേസ് ഇന്ന് ഹൈക്കോടതിയിൽ

Wednesday 07 January 2026 12:52 AM IST

ചെന്നൈ: സജീവ രാഷ്ട്രീയത്തിലിറങ്ങിയ തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാന സിനിമ എന്നു പറയപ്പെടുന്ന 'ജനനായകൻ' റിലീസ് പ്രതിസന്ധിയിൽ.

സെൻസർ ബോർഡ് ചിത്രം റിവൈസിംഗ് കമ്മിറ്റിക്കു വിട്ടതാണ് പ്രതിസന്ധിയിലായത്. അപ്രതീക്ഷിത നീക്കത്തിൽ നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നത്തേക്കു മാറ്റി.

ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയുടെ പകർപ്പ് ഹാജരാക്കാൻ സെൻസർ ബോർഡിനോട് കേസ് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശ വാക്കാൽ ആവശ്യപ്പെട്ടു. അന്യായമായി അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

ചിത്രം യു/ എ സർട്ടിഫിക്കറ്റിന് അർഹമാണെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. 25 രാജ്യങ്ങളിൽ ചിത്രത്തിന് അനുമതി ലഭിച്ചു. ഇന്ത്യയിൽ മാത്രമാണ് അനുമതി വൈകുന്നത്. ചിത്രം സെൻസർ ബോർഡ് കണ്ടിട്ടുണ്ട്. ചിത്രം കാണുക പോലും ചെയ്യാത്തൊരാളുടെ പരാതിയെത്തുടർന്നാണ് റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നും നിർമ്മാതാക്കൾ ആരോപിച്ചു.

അതേസമയം, പുതിയ കമ്മിറ്റി വീണ്ടും ചിത്രം കാണുമെന്ന് സെൻസർ ബോർഡ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജനുവരി ഒൻപതിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചരിക്കുന്നത്.

ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമ്മാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല.

തെലുങ്കിൽ നന്ദമുരി ബാലകൃഷ്ണ നായകനായ 'ഭഗവന്ത് കേസരി' എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനായകൻ. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡ്ഡെ,ബോബി ഡിയോൾ, മമിത ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അഡ്വാൻസ് ബുക്കിങായി ആഗോളതലത്തിൽ ഇതുവരെ 35 കോടി രൂപയാണ്ചിത്രത്തിന് ലഭിച്ചവെന്നാണ് പ്രചാരണം.

സിനിമയിൽ വിജയുടെ രാഷ്ട്രീയത്തിന് പ്രയോജനം ചെയ്യുന്ന വിധത്തിൽ പല രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. അത്തരം സീനുകൾ വിജയ്‌യുടെ നിർദ്ദേശ പ്രകാരം തിരക്കഥയിൽ എഴുതി ചേർത്തിരുന്നുവെന്ന് നേരത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

തമിഴ്നാട്ടിൽ ചിത്രം റിലീസ് ചെയ്യുമ്പോൾ തിയേറ്റർ വരുമാനത്തിന്റെ 35% വേണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. തിയറ്റർ വരുമാനത്തിന്റെ 80% ആണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. സെൻസർ സർട്ടിഫിക്കറ്ര് ലഭിച്ചാലും ഈ പ്രശ്നം കൂടി പരിഹരിച്ചാലേ തിയേറ്റർ ലഭിക്കൂ.