ഇന്ത്യ-പാക് ശത്രുത അവസാനിക്കണമെന്ന ആഗ്രഹം രാജ്യദ്രോഹമല്ല

Wednesday 07 January 2026 12:57 AM IST

ന്യൂഡൽഹി: ഇന്ത്യ-പാക് ശത്രുത അവസാനിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് ഹിമാചൽ പ്രദേശ് ഹൈക്കോടതി. 'ഖാലി​സ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നതും പ്രഥമദൃഷ്‌ട്യാ കുറ്റകരമല്ല. ഫേസ്ബുക്കിൽ പാകിസ്ഥാന്റെ പതാകയും,​ നിരോധിത ആയുധങ്ങളുടെയും ചിത്രങ്ങൾ, ദൃശ്യങ്ങൾ എന്നിവയും പങ്കുവച്ച കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് നിലപാട്. ഓപ്പറേഷൻ സിന്ദൂറിനെ വി‌മർശിച്ചെന്നും, പാക് പൗരനുമായി സംസാരിച്ചെന്നും പ്രതിയായ അഭിഷേക് സിംഗ് ഭരദ്വാജിനെതിരെ ആരോപിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ സർക്കാരിനെതിരെ വെറുപ്പോ അതൃപ്‌തിയോ പ്രചരിപ്പിക്കാനാണെന്ന പരാതി പ്രതിക്കെതിരെയില്ലെന്ന് ജസ്റ്റിസ് രാകേഷ് കൈന്ത്ല ചൂണ്ടിക്കാട്ടി. പ്രതി ഒരാളുമായി സംസാരിച്ചിട്ടുണ്ട്. ഇരുവരും ഇന്ത്യ-പാക് ശത്രുതയെ വിമർശിച്ചു. മതം നോക്കാതെ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന വികാരമാണ് സംഭാഷണത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. യുദ്ധത്തിനും എതിരായിരുന്നു. ശത്രുത അവസാനിപ്പിച്ച് സമാധാനത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹം രാജ്യദ്രോഹമായി കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.