മുത്തങ്ങ ചെക്ക്പോസ്റ്റിലെ രാസലഹരിക്കേസിലെ മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി: വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിൽ 199.25 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ മുഖ്യപ്രതി കൊച്ചി നഗരത്തിൽ ഒളിവിൽ കഴിയവെ പിടിയിലായി. മലപ്പുറം പൊന്നാനി തൃക്കണ്ണാപുരം കൊട്ടുസാലിൽ വീട്ടിൽ കെ.എസ്. ജുനൈദിനെയാണ് ( 31) കൊച്ചി സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം എസ്.ആർ.എം റോഡിൽ ഇയാൾ താമസിക്കുന്ന ഈസി ലൈനിലെ വീട്ടിൽ നിന്ന് 5.62 ഗ്രാം എം.ഡി.എം.എ സഹിതം ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്.
2025 ഓഗസ്റ്റ് 9ന് രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഡി ഹണ്ടിന്റെ ഭാഗമായി പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് 199.25 ഗ്രാം രാസലഹരിയുമായി മലപ്പുറം തിരുനാവായ എടക്കുളം ചക്കാലിപ്പറമ്പിൽ ഇർഷാദിനെ (23) സുൽത്താൻബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഭാരതി എന്ന സ്വകാര്യബസിലെ യാത്രക്കാരനായിരുന്നു ഇയാൾ. ജുനൈദ് അയച്ചു കൊടുത്ത ലൊക്കേഷൻ മാപ്പ് പ്രകാരം എം.ഡി.എം.എ വാങ്ങി മടങ്ങുകയായിരുന്നുവെന്ന ഇർഷാദിന്റെ മൊഴിയിൽ ജുനൈദിനെ മുഖ്യപ്രതിയാക്കി കേസെടുത്തിരുന്നു.
ഇർഷാദ് അറസ്റ്റിലായ വിവരമറിഞ്ഞ് കൊച്ചിയിലേക്ക് മുങ്ങിയ ജുനൈദ് ഇവിടെ വ്യാജമേൽവിലാസത്തിലാണ് തങ്ങിയത്. ഇതിനിടെ ഫോൺ കോളുകൾ നിരീക്ഷിച്ച സുൽത്താൻബത്തേരി പൊലീസ് ജുനൈദ് കൊച്ചിയിലുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ സുൽത്താൻബത്തേരി എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ കൊച്ചിയിലെത്തിയ പൊലീസ് സംഘം ഡാൻസാഫിന്റെ സഹായത്തോടെയാണ് എസ്.ആർ.എം റോഡിലെ താമസസ്ഥലം കണ്ടെത്തിയത്. ഇയാളുടെ കൈവശം 5.62 ഗ്രാം രാസലഹരി കണ്ടെത്തിയതിനെ തുടർന്ന് ഡാൻസാഫ് കസ്റ്റഡിയിലെടുത്ത് എറണാകുളം നോർത്ത് പൊലീസിന് കൈമാറിയെന്ന് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൽ സലാം അറിയിച്ചു. കൊച്ചിയിൽ റെന്റ് എ ബൈക്കിൽ കറങ്ങിനടന്നായിരുന്നു ലഹരി വിതരണം. ഇയാളെ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങുമെന്ന് വയനാട് പൊലീസ് അറിയിച്ചു.