വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം: അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു

Wednesday 07 January 2026 1:19 AM IST

പാലക്കാട്: മലമ്പുഴയിൽ 12കാരനെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. എ.ഇ.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷയം അറിഞ്ഞിട്ടും മറച്ചുവച്ചെന്ന കാരണം ചൂണിക്കാട്ടി സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും എ.ഇ.ഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശുപാർശ നൽകി. സംഭവത്തിൽ സ്‌കൂളിലെ പ്രധാനാദ്ധ്യാപിക, ക്ലാസ് അദ്ധ്യാപിക എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകി. മൂന്നു ദിവസത്തിനകം വിശദീകരണം നൽകണം.

വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നവംബർ 18ന് തന്നെ വിവരം സ്‌കൂൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ല. പകരം നവംബർ 19ന് അദ്ധ്യാപകനിൽനിന്നും രാജി എഴുതിവാങ്ങി. രാജിയുടെ യഥാർത്ഥ കാരണം എ.ഇ.ഒയെ അറിയിച്ചത് 23ന് വൈകിട്ട് ആറുമണിയോടെ മാത്രമാണ്. അന്നു തന്നെ വിദ്യാഭ്യാസ വകുപ്പ് മുഖേന ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരമറിയിച്ചു. എന്നാൽ 24ന് കുട്ടിയുടെ മൊഴിയെടുക്കാൻ സി.ഡബ്ല്യു.സിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയെങ്കിലും പാലിച്ചില്ല. ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നൽകിയതെന്നും എ.ഇ.ഒയുടെ അന്വേഷണത്തിൽ കണ്ടെത്തി. എ.ഇ.ഒയുടെ റിപ്പോർട്ട് ഡി.ഡി.ഇക്ക് കൈമാറി.