കോഴിക്കോട്ട് അരക്കോടിയുടെ എം.ഡി.എം.എ പിടികൂടി

Wednesday 07 January 2026 1:23 AM IST

കോഴിക്കോട്: മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ നിന്ന് മെഡിക്കൽ കോളേജ് പൊലീസും കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാം എം.ഡി.എം.എ പിടി കൂടി. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പയ്യടിത്താഴത്ത് നടത്തിയ പരിശോധനയിൽ മൂന്നു പേർ പിടിയിലായി. ഇവരിൽ നിന്ന് 8.32 ഗ്രാമോളാം എം.ഡി.എം.എ പിടി കൂടി.

കല്ലാച്ചി വാണിമേൽ താഴെ ചെലങ്കണ്ടി വീട്ടിൽ ഷംസീറാണ് (36) മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. 17 വർഷത്തോളം വിദേശത്ത് ജോലി ചെയ്ത് ആറു മാസം മുമ്പ് നാട്ടിലെത്തിയ ഇയാൾ പാലാഴിയിലെ ഭാര്യവീട്ടിലാണ് താമസം. ബംഗളൂരു, ഗോവ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി കൊണ്ടുവന്ന് സ്വകാര്യ ലോഡ്ജുകളിൽ മുറിയെടുത്ത് ചെറുകിട മയക്കുമരുന്ന് വിൽപ്പനക്കാർക്ക് വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ്. തൃശൂർ മുതൽ കാസർകോട് വരെ എം.ഡി.എം.എ മൊത്തമായി എത്തിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള സൂചന ലഭിച്ചു. ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഇയാൾ ആർഭാട ജീവിതം നയിക്കുകയായിരുന്നു.

സംഘത്തിൽ

വിമുക്ത ഭടനും

പന്തീരാങ്കാവ് പയ്യടിത്താഴത്തെ വാടക വീട്ടിൽ വച്ച് നല്ലളം ജയന്തി റോഡ് സ്വദേശി അഫ്സത്ത് മൻസിലിൽ മുഹമ്മദ് ഷാഫി (26), വിമുക്തഭടനും തൊട്ടിൽപ്പാലം കുണ്ടുത്തോട് സ്വദേശിയുമായ ഒറ്റപ്പിലാവുള്ളതിൽ വീട്ടിൽ സിഗിൻ ചന്ദ്രൻ (36), മോഡലും ബ്യൂട്ടീഷനും കുറ്റ്യാടി മൊയിലോത്തറ സ്വദേശിനിയുമായ കോയിലോത്തുംതറ വീട്ടിൽ ദിവ്യ (35) എന്നിവരെയാണ് പന്തിരാങ്കാവ് പൊലീസും കോഴിക്കോട് സിറ്റി ഡാൻസഫ് സംഘവും ചേർന്ന് പിടി കൂടിയത്. 15 വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ സിഗിൻ ചന്ദ്രൻ മുഹമ്മദ് ഷാഫിയുമായി സൗഹൃദത്തിലായി.. ഇവന്റ് മാനേജ്മെന്റ് നടത്തിപ്പിനാണെന്ന് പറഞ്ഞ് ആറു മാസം മുമ്പ് വീട് വാടകയ്ക്കെടുത്താണ് കച്ചവടം. കോഴിക്കോട് ജില്ലയിലെ വിവിധ മാളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവരാണിവർ