മുൻ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി അന്തരിച്ചു
ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി (81) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായിരുന്നു. ഇന്നലെ പുലർച്ചെ ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മുൻ പ്രസിഡന്റും മുൻനിര കായിക സംഘാടകനുമായിരുന്നു. 1944ൽ പൂനെയിൽ ജനിച്ച സുരേഷ് 1965ലേയും 1971ലേയും യുദ്ധങ്ങളിൽ പങ്കെടുത്ത എയർഫോഴ്സ് പൈലറ്റായിരുന്നു. തുടർന്ന് രാഷ്ട്രീയത്തിലേക്കും കായികസംഘാടനത്തിലേക്കും ചുവടുവയ്ച്ചു. പൂനെയിൽ നിന്ന് പല തവണ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗവുമായി. 1995-96ൽ കേന്ദ്ര റെയിൽവേ മന്ത്രി. 1996 മുതൽ 2011വരെ ഐ.ഒ.എ പ്രസിഡന്റായിരുന്ന കൽമാഡി 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസ് സംഘാടക സമിതി തലവനായി. ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ തലവനും ലോക അത്‌ലറ്റിക്സ് ഫെഡറേഷൻ കൗൺസിൽ അംഗവുമായിരുന്നു. കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസിൽ 10 മാസത്തോളം ജയിലിൽ കഴിഞ്ഞു. ഭാര്യ മീര കൽമാഡി.