വാഹന ഫാൻസി നമ്പർ ലേലത്തിൽ തട്ടിപ്പ്
തിരുവനന്തപുരം: വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഇടനിലക്കാരും ഒത്തുകളിക്കുന്നതായി സംശയം ബലപ്പെട്ടു. ഒരു ലക്ഷം, രണ്ടു ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയ്ക്കൊണ്ടിരുന്ന ഫാൻസി നമ്പരുകൾ ഇപ്പോൾ അമ്പതിനായിരം കടക്കുന്നില്ല. രാവിലെ 10.30 വരെ ഓൺലൈനായാണ് ഫാൻസി നമ്പരിനുള്ള ലേലം. പീക്ക് സമയമായതിനാൽ 'വാഹൻ' പോർട്ടൽ പണിമുടക്കുന്നത് പതിവാണ്. ലേലത്തിൽ ഉയർന്ന തുക രേഖപ്പെടുത്തേണ്ട സമയം കഴിയുമ്പോൾ ശരിയാകും! അപ്പോഴേക്കും കുറഞ്ഞ തുക രേഖപ്പെടുത്തിയാൾക്ക് ഫാൻസി നമ്പർ കിട്ടും. ലേലത്തിന് തിരക്കില്ലാത്ത സമയം നിശ്ചയിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല.
വീട്ടിലിരുന്ന് ഓൺലൈനായി ലേലത്തിൽ പങ്കെടുക്കുന്നവർക്ക് മിക്കപ്പോഴും ഫാൻസി നമ്പർ കിട്ടാറില്ല. കിട്ടുന്നത് ഇടനിലക്കാർ വഴി ലേലം വിളിക്കുമ്പോഴാണ്. പരാതികൾ കൂടിയതോടെ, ഓൺലൈൻ ലേലം വിളി നിരീക്ഷിക്കാൻ തീരുമാനിച്ചതായാണ് അറിയുന്നത്.