പോക്സോ കേസ് പ്രതിക്ക് ജീവപര്യന്തവും പിഴയും
Wednesday 07 January 2026 2:53 AM IST
മൂവാറ്റുപുഴ: പതിനഞ്ച് വയസുളള സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മധ്യവയസ്‌കന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി. ഇതിന് പുറമെ വിവിധ വകുപ്പുകൾ പ്രകാരം 26 വർഷം തടവും അനുഭവിക്കണം. പോത്താനിക്കാട് വാടകയ്‌ക്ക് താമസിക്കുന്ന മൂവാറ്റുപുഴ ആയവന സിദ്ധൻപടി ചേന്നിരിക്കൽ സജി (58) യെയാണ് ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്.
2019 ജൂൺ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കേൾവി പരിമിതിയുള്ള മുത്തശ്ശി മാത്രമുണ്ടായിരുന്ന സമയം നോക്കി പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ. ജമുന ഹാജരായി.
2021 ൽ പറമ്പഞ്ചേരി സ്വദേശിയായ 18 കാരിയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുകയാണ് സജി.