യുവാവിനെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച കേസ് : പ്രതികൾ റിമാൻഡിൽ
മാള: മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ഹെൽമെറ്റുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ റിമാൻഡിലായി. പുത്തൻചിറ പുളിയിലക്കുന്ന് കാക്കനാടൻ വീട്ടിൽ സനീഷ് (40), മതിയത്ത് വീട്ടിൽ അക്ഷയ് (30) എന്നിവരെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൻചിറ കണ്ണികുളങ്ങര വൈപ്പിൻകാട്ടിൽ വീട്ടിൽ മുഹമ്മദ് സെയ്തറിനും (20) സുഹൃത്ത് ഹാരിസിനുമാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് പുത്തൻചിറ മങ്കിടിയിൽ ഹാരിസിന്റെ വീടിന് മുൻവശത്തെ റോഡിലായിരുന്നു സംഭവം. നേരത്തെയുണ്ടായ തർക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സെയ്തറിന്റെ ഹെൽമെറ്റ് ഉപയോഗിച്ച് തലയിൽ അടിക്കുകയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തതായാണ് പരാതി. പരിക്കേറ്റ യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത മാള പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പ്രതികളായ അക്ഷയ് , സനീഷ്.