പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ യുവാവിന്റെ തന്ത്രം; കാറിടിപ്പിച്ച ശേഷം രക്ഷപ്പെടുത്തി, ഒടുവിൽ പിടിയിൽ
പത്തനംതിട്ട: പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കോന്നി മാമ്മൂട് രാജിഭവനിൽ രഞ്ജിത്ത് രാജൻ (24), കോന്നിത്താഴം പയ്യനാമൺ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇടിച്ചിട്ടുനിർത്താതെ പോയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. സത്യം പുറത്തായതോടെ വധശ്രമക്കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരും കൊട്ടാരക്കര സബ് ജയിലിലാണ്.
ഡിസംബർ 23ന് വെെകിട്ടാണ് അപകടം നടന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റിൽവച്ച് അജാസ് കാറിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയശേഷം നിർത്താതെ പോയി. ഉടൻ മറ്റൊരു കാറിൽ സ്ഥലത്തെത്തിയ രഞ്ജിത്ത് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
യുവതിയുടെ ഭർത്താവാണെന്ന് നാട്ടുകാരെ ധരിപ്പിച്ചശേഷം കാറിൽ കയറ്റി കോന്നിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ യുവതിയുടെ വലതുകെെക്കുഴ തെറ്റുകയും ചെറുവിരലിന് പൊട്ടലുണ്ടാകുകയും ചെയ്തു. യുവതിയുടെ മൊഴിയിൽ വാഹനാപകടക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ ചില സംശങ്ങൾ പൊലീസിന് ഉയർന്നിരുന്നു. യുവതിയും ചില സംശയങ്ങൾ സൂചിപ്പിച്ചു. ഇടിച്ചിട്ട് നിർത്താതെ പോയ കാർ സിസിടിവിടി ദൃശ്യങ്ങൾ നിന്ന് പൊലീസ് കണ്ടെത്തി.പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ അറസ്റ്റിലായത്.