പോറ്റിയെ കേറ്റിയേ ഗാനം ഉച്ചത്തിൽ വച്ചത് ചോദ്യം ചെയ്തു; സിപിഎം നേതാവിനെ മർദ്ദിച്ച സംഭവത്തിൽ കേസ്

Wednesday 07 January 2026 2:46 PM IST

കണ്ണൂർ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനം വച്ചത് ചോദ്യം ചെയ്ത സിപിഎം നേതാവിനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തു. സിപിഎം ലോക്കൽ സെക്രട്ടറി മുല്ലക്കൊടി സ്വദേശി മനോഹരന്റെ പരാതിയിലാണ് മയ്യിൽ പൊലീസ് കേസെടുത്തത്. ജനുവരി നാലിനായിരുന്നു കേസിനാസ്‌പദമായ സംഭവം.

മയ്യിൽ അരിമ്പ്രയിലെ റേഷൻ കടയ്ക്ക് സമീപത്തുവച്ചാണ് ഭാസ്കരൻ എന്നയാൾ ‘പോറ്റിയെ കേറ്റിയേ’ എന്ന ഗാനം വച്ചത്. ഇതുകേട്ട മനോഹരൻ, പൊതുസ്ഥലത്ത് രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് പറഞ്ഞ് ഭാസ്കരനെ ചോദ്യം ചെയ്യുകയും ഗാനം നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഗാനം നിർത്താൻ തയാറാകാതെ ഭാസ്കരൻ കുറച്ചുകൂടി ഉച്ചത്തിൽ വച്ചു. പാട്ട് നിർത്താൻ മനോഹരൻ വീണ്ടും ആവശ്യപ്പെട്ടതോടെ പ്രകോപിതനായ ഭാസ്കരൻ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇരുവരും തമ്മിൽ കയ്യാങ്കളിയായതോടെ നാട്ടുകാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് മനോഹരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് ഭാസ്കരന്റെ പേരിൽ കേസെടുത്തത്.

ശബരിമലയിലെ സ്വർണക്കൊള്ളയെ പരിഹസിക്കുന്ന ഗാനമാണ് പോറ്റിയെ കേറ്റിയേ. ഈ ഗാനത്തിനെതിരെ പ്രസാദ് കുഴിക്കാലയെന്ന വ്യക്തി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും കടത്തു നടപടികൾ സ്വീകരിക്കില്ലെന്ന് അന്നുതന്നെ പൊലീസ് അറിയിച്ചിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി പി കുഞ്ഞബ്ദുള്ളയാണ് പാട്ടിന് വരികളെഴുതിയത്.