'നായ്‌ക്കളുടെ മാനസികാവസ്ഥ നമുക്കറിയില്ലല്ലോ, കടിക്കാതിരിക്കാൻ അവർക്ക് കൗൺസിലിംഗ് കൊടുക്കാം'; പരിഹസിച്ച് സുപ്രീം കോടതി

Wednesday 07 January 2026 2:52 PM IST

ന്യൂഡൽഹി: തെരുവുനായ്‌ക്കളെ പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിന്ന് നീക്കുന്നതിനെ എതിർക്കുന്ന മൃഗസ്‌നേഹികൾക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. കടിച്ചുകീറാനുള്ള അവസ്ഥയിലാവുമ്പോൾ തെരുവുനായ്‌ക്കളുടെ പെരുമാറ്റം ആർക്കും വായിച്ചെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി, കടിക്കാതിരിക്കാൻ നായ്‌ക്കൾക്ക് കൗൺസിലിംഗ് നൽകാമെന്നും പരിഹസിച്ചു.

അപകടകാരികളായ നായ്‌ക്കളെ പെരുമാറ്റം കൊണ്ട് മാത്രം തിരിച്ചറിയുന്നത് അസാദ്ധ്യമാണ്. റോഡുകളിലും തെരുവുകളിലും നായ്‌ക്കളുടെ ജനസംഖ്യയെ നിയന്ത്രിക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്‌ജാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

'നായ്‌ക്കളുടെ കടി മാത്രമല്ല അവയുണ്ടാക്കുന്ന മറ്റ് ഭീഷണികൾ കൂടിയുണ്ട്. ഇതൊക്കെ എങ്ങനെ തിരിച്ചറിയാനാകും? രാവിലെ ഏത് നായ എന്ത് മാനസികാവസ്ഥയിൽ ആയിരിക്കുമെന്ന് നമുക്ക് അറിയാനാകില്ല. കടിക്കാതിരിക്കാൻ നായ്‌ക്കൾക്ക് കൗൺസിലിംഗ് നൽകുക മാത്രമേ ഇനി ചെയ്യാൻ ബാക്കിയുള്ളു ' - ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.

തെരുവുകളും സ്ഥാപനങ്ങളും തമ്മിലുള്ള വ്യത്യാസവും ജസ്റ്റിസ് മേത്ത ചൂണ്ടിക്കാട്ടി. കോടതി പരിസരങ്ങളിലും സ്‌കൂളുകളിലും ആശുപത്രികളിലും എന്തിനാണ് നായ്‌ക്കളുടെ ആവശ്യമെന്നും അദ്ദേഹം ചോദിച്ചു. സ്ഥാപനങ്ങൾ തെരുവുകളല്ലെന്നും അവ സുരക്ഷിതമായി വയ്‌ക്കണമെന്നും ജസ്റ്റിസ് മേത്ത പറഞ്ഞു. സ്ഥാപനങ്ങളുടെ പരിസരത്ത് നിന്ന് നായ്‌ക്കളുടെ കടിയേൽക്കുന്ന സംഭവം 2025ൽ വർദ്ധിച്ച സാഹചര്യത്തിൽ ഇവയെ വന്ധ്യംകരണവും വാക്‌സിനും ശേഷം ഷെൽറ്ററുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു.

കേസിലെ വാദം നാളെയും തുടരും. സംസ്ഥാനങ്ങളോട് ഇതുവരെ സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ടുകൾ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന ഹൈവേകൾ, ദേശീയ ഹൈവേകൾ, എക്‌സ്പ്രസ് വേകൾ എന്നിവിടങ്ങളിൽ നിന്ന് കന്നുകാലികളെയും മറ്റ് തെരുവുമൃഗങ്ങളെയും നീക്കം ചെയ്യുന്നത് അധികൃതർ ഉറപ്പാക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. എന്നാൽ, പേവിഷബാധ സംശയിക്കുന്ന നായ്ക്കൾക്ക് ഈ പുനരധിവാസം ബാധകമാകില്ലെന്ന് മൂന്നംഗ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.