ടിപ്പുവിന്റെ കാലത്ത് തകർക്കപ്പെട്ടു,​ പിന്നീട് മൈസൂർ രാജാവ് പുനർ നിർമ്മാണം തുടങ്ങിയ കേരളത്തിലെ ഈ രണ്ട് ക്ഷേത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Wednesday 07 January 2026 3:28 PM IST

അത്യപൂർവമായതരം വാസ്‌തുനിർമ്മിതികൾ നിറഞ്ഞ പല ക്ഷേത്രങ്ങളും നമ്മുടെ കേരളത്തിലുണ്ട്. പലതരം ദേവതാ സങ്കൽപമാണ് അത്തരത്തിൽ പണികഴിപ്പിക്കാൻ കാരണമെന്ന് പറയാം. ആയിരത്തിലേറെ വർഷം പഴക്കമുള്ള അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് ശിവക്ഷേത്രങ്ങൾ കണ്ണൂർ ജില്ലയിൽ ഇത്തരത്തിലുണ്ട്. മേൽതളി,​ കീഴ്‌തളി എന്നിങ്ങനെയാണ് ഈ മഹാദേവ ക്ഷേത്രങ്ങളുടെ പേരുകൾ. ശൈവാഗമ സമ്പ്രദായത്തിലാണ് ഇവയുടെ നിർമ്മിതി. ഒരുകാലത്ത് നമ്മുടെ നാട്ടിൽ ഏറെ പ്രശസ്‌തമായ തളി ക്ഷേത്രങ്ങളിൽ രണ്ടെണ്ണമാണ് ഇവ.

കണ്ണൂർ ജില്ലയിലെ ധർമ്മശാലയിൽനിന്നും മൂന്ന് നാഴിക കിഴക്കാണ് ഈ ക്ഷേത്രങ്ങൾ. മേൽതളി ക്ഷേത്രത്തിന്റെ ഗോപുരം പെരുമാടത്തിന്റെ രൂപത്തിലാണ്. ചെങ്കല്ലുകൾ കൊണ്ടാണ് ഇത് പണിതുയർത്തിയിരിക്കുന്നത്. പണ്ട് ടിപ്പുവിന്റെ പടയോട്ട കാലത്ത് വടക്കേ മലബാറിലെ നിരവധി ദേവാലയങ്ങൾ തകർന്നിട്ടുണ്ട്. ഈ ക്ഷേത്രങ്ങൾക്കും അന്ന് നാശം സംഭവിച്ചു. ഇവിടെ അന്ന് തകർന്ന വലിയ ബലിക്കല്ല് ഇപ്പോഴും കാണാനാകും. പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം 2005ൽ മൈസൂർ രാജാവായ ശ്രീകണ്‌ഠദത്ത നരസിംഹ വോഡയാർ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണം ഉദ്‌ഘാടനം ചെയ്‌തു. ഇപ്പോഴും ധാരാളം ജോലികൾ നടക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ നിന്ന് ചെങ്കുത്തായ ഇറക്കമിറങ്ങിയാൽ ഇവിടുത്തെ ചിറയിലെത്താം.

നിരവധി ശിൽപങ്ങളടങ്ങിയതാണ് കീഴ്‌തളി ക്ഷേത്രം. ക്ഷേത്രഭിത്തിയിൽ അലങ്കാരപണികളുമുണ്ട്. പണ്ട് ടിപ്പു ഇവിടെ ആക്രമിക്കാനെത്തിയെങ്കിലും പിന്നീട് അതുണ്ടാകാതെ മടങ്ങിയെന്ന് കഥകളുണ്ട്. ഏറെ പഴക്കമുള്ളൊരു ക്ഷേത്രക്കുളവും ഇവിടെയുണ്ട്. മേൽതളി ശിവക്ഷേത്രത്തിൽ കുംഭമാസത്തിലാണ് ഉത്സവം.തിങ്കളാഴ്‌ചയും പ്രദോഷവും ശിവരാത്രിയും വളരെ പ്രധാനമാണ് ഇരുക്ഷേത്രങ്ങളിലും.