അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്കയും റഷ്യയും നേർക്കുനേർ: ഉപരോധമേർപ്പെടുത്തിയ കപ്പലിനെ സംരക്ഷിക്കാൻ റഷ്യൻ അന്തർവാഹിനി
മോസ്‌കോ: ഉപരോധം വകവയ്ക്കാതെ എണ്ണക്കടത്ത് നടത്തുന്നു എന്ന് അമേരിക്ക ആരോപിക്കുന്ന കപ്പലിന് സംരക്ഷണം നൽകാൻ റഷ്യ നാവികസേനയെയും അത്യാധുനിക അന്തർവാഹിനിയെയും അയച്ചതോടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്കയും റഷ്യയും കൊമ്പുകോർക്കുന്ന സ്ഥിതിയിലേക്ക് എത്തിയെന്ന് റിപ്പോർട്ട്. മാരിനേര എന്ന എണ്ണക്കപ്പലാണ് പ്രശ്നങ്ങളുടെ കേന്ദ്രബിന്ദു. വെനസ്വേലയിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ച ടാങ്കറിനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. നിയമവിരുദ്ധമായി എണ്ണകടത്തുന്ന ഷാഡോ ഫ്ലീറ്റിന്റെ ഭാഗമാണ് ഈ കപ്പൽ എന്നാണ് അമേരിക്കയുടെ ആരോപണം.
വെനസ്വേലയ്ക്കുസമീപം നങ്കൂരമിട്ട് കിടക്കുകയായിരുന്ന കപ്പലിലേക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ ഉദ്യോഗസ്ഥരെ തടയാൻ കപ്പൽ ജീവനക്കാർ ശ്രമിച്ചു. ഇതേത്തുടർന്ന് കപ്പൽ അന്താരാഷ്ട്ര കപ്പൽച്ചാലിലേക്ക് മാറ്റി. ഇതിനുശേഷം കപ്പലിന്റെ പുറത്ത് റഷ്യയുടെ പതാക പെയിന്റ് ചെയ്യുകയും നേരത്തേയുണ്ടായിരുന്ന പേരുമാറ്റി മാരിനേര എന്നാക്കുകയും ചെയ്തു. ഒരു പരിശോധനയും നിയമപ്രകാരമുള്ള നടപടിക്രമങ്ങളും ഇല്ലാതെയായിരുന്നു ഇതെല്ലാം. തൊട്ടുപിന്നാലെ കപ്പലിന് സംരക്ഷണം ഒരുക്കാൻ റഷ്യ നാവികസേനയെയും മുങ്ങിക്കപ്പലിനെയും അയയ്ക്കുകയും ചെയ്തു. നിലവിൽ റഷ്യയിലെ മുർമാൻസ്ക് ലക്ഷ്യമാക്കിയാണ് കപ്പൽ നീങ്ങുന്നത്.
ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ നടപടി ഇനിയും തുടരുമെന്നാണ് യുഎസ് സൈന്യം പറയുന്നത്. എന്നാൽ സിവിലിയൻ കപ്പലിനെ അമേരിക്ക പിന്തുടരുന്നത് അവസാനിപ്പിക്കണമെന്നുമാണ് റഷ്യ ആവശ്യപ്പെടുന്നത്. യുക്രെയിൻ യുദ്ധത്തിന്റെ പേരിലാണ് അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യയുടെ എണ്ണവാങ്ങിയാൽ കർശന നടപടിയുണ്ടാകും എന്നാണ് അമേരിക്ക ലോകരാജ്യങ്ങൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.