അർജുൻ ടെൻഡുൽക്കർ - സാനിയ വിവാഹം ഉടൻ; തീയതി പ്രഖ്യാപിച്ച് കുടുംബം

Wednesday 07 January 2026 5:27 PM IST

മുംബയ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കറുടെ വിവാഹത്തീയതി പ്രഖ്യാപിച്ച് കുടുംബം. അർജുനും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹം മാർച്ച് അഞ്ചിന് നടത്തുമെന്നാണ് ഇരുവരുടെയും കുടുംബങ്ങൾ അറിയിച്ചിരിക്കുന്നത്.

അഞ്ചാം തീയതിയാണ് പ്രധാനചടങ്ങെങ്കിലും മൂന്നാം തീയതി മുതൽ ആഘോഷങ്ങൾ ആരംഭിക്കും. മുംബയിൽ വളരെ സ്വകാര്യമായിട്ടായിരിക്കും ചടങ്ങുകൾ. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാകും പ്രവേശനം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.

ഐപിഎൽ മുംബയ് ഇന്ത്യൻസിൽ നിന്ന് ലക്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് അർജുൻ മാറിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്‌ക്ക് വേണ്ടിയാണ് അർജുൻ കളിക്കുന്നത്. മുംബയിലെ അറിയപ്പെടുന്ന വ്യവസായി രവി ഘായിയുടെ ചെറുമകളാണ് അർജുന്റെ പ്രതിശ്രുത വധു സാനിയ ചന്ദോക്ക്. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളാണ് ഘായി കുടുംബത്തിന്റെ ശക്തികേന്ദ്രം. എന്നാൽ പൊതുവേദികളിൽ അത്ര സുപരിചിതയല്ല സാനിയ.