ഗവ. ഗേൾസ് സ്‌കൂളിൽ മോഷണം, ഇൻവെർട്ടർ ബാറ്ററികൾ കടത്തിയത് സ്ഥിരം മോഷ്ടാക്കളെന്ന് സംശയം
കൊച്ചി: എറണാകുളം ഗവ. ഗേൾസ് സ്‌കൂളിലെ ഓഡിറ്റോറിയത്തിലുള്ള ഗ്രീൻറൂമിന്റെ പിൻവാതിൽ തകർത്ത് മൂന്ന് ഇൻവെർട്ടർ ബാറ്ററികൾ മോഷ്ടിച്ച കേസിൽ പൊലീസ് അന്വേഷണം സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച്. പലരെയും ചോദ്യംചെയ്തെങ്കിലും അറസ്റ്റിലേക്ക് കടക്കത്തക്ക തെളിവൊന്നും ലഭിച്ചിട്ടില്ല. ഞായറാഴ്ച പുലർച്ചെയായിരുന്നു മോഷണം. പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
സൗത്ത് ജംഗ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻവരെയുള്ള റോഡിന്റെ ഇരുവശവും യാചകരുടെയും മദ്യപാനികളുടെയും മോഷ്ടാക്കളുടെയും താവളമാണ്. മദ്യപിക്കാനുള്ള പണം കണ്ടെത്താനായിരിക്കാം ബാറ്ററികൾ മോഷ്ടിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
നാലുവർഷം മുമ്പാണ് ഓഡിറ്റോറിയത്തിന്റെ ആവശ്യങ്ങൾക്കായി ഇൻവെർട്ടർ സ്ഥാപിച്ചത്. ഒരു പരിപാടിയുടെ ആവശ്യത്തിനായി തിങ്കളാഴ്ച ഓഡിറ്റോറിയം തുറന്നിരുന്നു. വൈദ്യുതിബന്ധം ഇല്ലാത്തതിനെത്തുടർന്ന് ഗ്രീൻറൂം തുറന്നപ്പോഴാണ് ബാറ്ററികൾ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പിൻവാതിൽ ആയുധം ഉപയോഗിച്ച് തകർത്ത നിലയിൽ കണ്ടെത്തിയത്.
ഇന്നലെ സെൻട്രൽ സി.ഐയുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും ഓഡിറ്റോറിയത്തിലെത്തി പരിശോധന നടത്തി. 150 എ.എച്ചിന്റെ മൂന്ന് ബാറ്ററികളാണ് മോഷണം പോയത്. ഏകദേശം 10,000 രൂപ വിലമതിക്കുന്നവയാണിത്. പൊലീസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും പ്രിൻസിപ്പൽ ആനിയമ്മ പറഞ്ഞു. മൂന്നുമാസംമുമ്പ് യു.പി സ്‌കൂൾ വിദ്യാർത്ഥിയുടെ സൈക്കിളും മുൻ പ്രിൻസിപ്പലിന്റെ പഴ്സും മോഷണം പോയിരുന്നു. ഈ രണ്ട് സംഭവങ്ങളിലും പ്രതികളെ പിടികൂടാനായിട്ടില്ല.