കോടിമത പാലം അപ്രോച്ച് റോഡിനായി....... പത്രാധിപർ പ്രതിമയിൽ കൈവയ്‌ക്കാൻ നീക്കം
നിർദ്ദേശം നൽകി പൊതുമരാമത്ത് വകുപ്പ്
കോട്ടയം : കോടിമത രണ്ടാം പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പത്രാധിപർ കെ.സുകുമാരന്റെ പ്രതിമ ഉൾപ്പെടുന്ന പത്രാധിപർ സ്ക്വയർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി പൊതുമരാമത്ത് വകുപ്പ്. കോട്ടയം നഗരസഭ സൗജന്യമായി നൽകിയ സ്ഥലത്ത് കേരളകൗമുദി വായനക്കാർ പണം പിരിച്ചാണ് പത്രാധിപർ പ്രതിമ നിർമ്മിച്ചത്. പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധമില്ലാതെ എം.സി റോഡിൽ നിന്ന് മാറി കോട്ടയം നഗരസഭ വക എം.ജിറോഡിന്റെ ഒരു വശത്താണ് പത്രധിപർ സ്ക്വയറും, പ്രശസ്ത ശില്പി എം.ആർ.ഡി ദത്തൻ നിർമ്മിച്ച പത്രാധിപരുടെ അർദ്ധകായ പ്രതിമയുമുള്ളത്. 2003 ഡിസംബർ 22 ന് മലയാള മനോരമ ചീഫ് എഡിറ്റർ കെ.എം മാത്യു ശിലാസ്ഥാപനം നടത്തി 2005 ഡിസംബർ 17 ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് കേന്ദ്രമന്ത്രി വയലാർ രവിയുടെ സാന്നിദ്ധ്യത്തിൽ പ്രതിമാ അനാച്ഛാദനം നടത്തിയത്. എല്ലാ വർഷവും പത്രാധിപരുടെ ചരമദിനമായ സെപ്തംബർ 18 ന് ജാതി - മത ഭേദമന്യേ നിരവധി ആളുകളാണ് ഇവിടെ പുഷ്പാർച്ചനയ്ക്ക് എത്തുന്നത്. പ്രമുഖരെ പങ്കെടുപ്പിച്ച് അനുസ്മരണ സമ്മേളനവും കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 20 വർഷമായി നടത്തുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ പിടിവാശി
എം.സി റോഡിൽ ഏറെ വീതിയുള്ള ഭാഗത്താണ് കോടിമത രണ്ടാംപാലത്തിന്റെ അപ്രോച്ച് റോഡ് ചേരുന്നത്. നിലവിൽ പത്രാധിപർ സ്ക്വയറിന് മാറ്റം വരുത്താതെ അപ്രോച്ച് റോഡ് പൂർത്തിയാക്കാം. എന്നിട്ടും പത്രാധിപർ പ്രതിമയിൽ കൈ വയ്‌ക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം. മലയാളികൾ നെഞ്ചോട് ചേർത്ത പത്രാധിപരുടെ പ്രതിമ മാറ്റാൻ തുനിഞ്ഞാൽ വൻപ്രതിഷേധത്തിനാകും ഇടയാക്കുക.
തുടക്കം മുതൽ വിവാദം
പാലം നിർമ്മാണം തുടക്കം മുതൽ വിവാദത്തിലായിരുന്നു. പാലത്തിനക്കരെ താമസിപ്പിച്ചവരെ ഒഴിവാക്കാതെ തുടങ്ങിയ നിർമ്മാണം ഇടയ്‌ക്ക് നിലച്ചു. ഏറെ വർഷമെടുത്ത് അവരെ മാറ്റി പാർപ്പിച്ചപ്പോൾ കരാർ തുക പുതുക്കണമെന്നാവശ്യപ്പെട്ട് കോൺട്രാക്ടർ പണി നിറുത്തി. സാമ്പത്തിക പ്രതിസന്ധിയിൽ തട്ടി വീണ്ടും മുടങ്ങിയ പാലം പണി പുതിയ കോൺട്രാക്ടർ കരാറെടുത്താണ് പുന:രാരംഭിച്ചത്.
പ്രതിമ അനാച്ഛാദനം : 2005 ഡിസംബർ 17
''കോടിമത പാലം അപ്രോച്ച് റോഡിനായി നിലവിൽ റോഡ് ഗതാഗതത്തിന് തടസം സൃഷ്ടിക്കാതെ നിൽക്കുന്ന പത്രാധിപർ കെ.സുകുമാരന്റെ പ്രതിമ മാറ്റരുത്. സാമൂഹ്യനീതിക്കായി പോരാടിയ പത്രാധിപരുടെ പ്രതിമ കോട്ടയം നഗരസഭ നൽകിയ സ്ഥലത്ത് കേരളകൗമുദിയെ സ്‌നേഹിക്കുന്ന വായനക്കാരുടെ സംഭാവന കൊണ്ട് ഉയർന്നതാണ്. നാളത്തെ തലമുറയ്ക്ക് പത്രാധിപരുടെ സംഭാവന ഓർമപ്പെടുത്താനായി അത് അവിടെ തന്നെ ഉയർന്നു നിൽക്കണം.
-വി.ആർ. ജോഷി (പിന്നാക്ക വിഭാഗം വികസന വകുപ്പ് മുൻ ഡയറക്ടർ, പത്രാധിപർ പ്രതിമാ നിർമ്മാണ കമ്മിറ്റി കൺവീനർ)