ഐസക്കും പി ജയരാജനും നിയമസഭാ പോരാട്ടത്തിന്? ശൈലജയ്ക്ക് ഇളവ് ലഭിക്കുമോയെന്ന് സംശയം; 3.0 ഉറപ്പിക്കാന്‍ സിപിഎം

Wednesday 07 January 2026 7:31 PM IST

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാമതും ഭരണം ഉറപ്പിക്കാനുള്ള അണിയറനീക്കങ്ങള്‍ ശക്തമാക്കുകയാണ് സിപിഎം. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് ഇതിനോടകം കോണ്‍ഗ്രസ്. രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കുന്നുണ്ട്. ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന മുതിര്‍ന്ന നേതാക്കളെ തിരിച്ചുകൊണ്ടുവന്നും മികച്ച സ്ഥാനാര്‍ത്ഥി നിരയെ അവതരിപ്പിച്ച് കോണ്‍ഗ്രസിനെ മറികടക്കാനാണ് സിപിഎം ശ്രമം.

ധര്‍മ്മടത്ത് നിന്ന് മൂന്നാമതും മത്സരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും മുന്നണിയെ നയിക്കുക. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ നിന്ന് മത്സരിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തിയ ശേഷം ഏതൊക്കെ മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ക്ക് ടേം വ്യവസ്ഥ മറികടന്ന് സീറ്റ് നല്‍കണമെന്ന് തീരുമാനിക്കാനാണ് സിപിഎം നീക്കം. അതേസമയം, മുന്‍ ധനമന്ത്രി തോമസ് ഐസക് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് വിവരം. ആലപ്പുഴയിലോ അരൂരിലോ ആയിരിക്കും അദ്ദേഹം ജനവിധി തേടുക.

എംവി ഗോവിന്ദന്‍ എംഎല്‍എയായ തളിപ്പറമ്പില്‍ മുന്‍ എംഎല്‍എ ജെയിംസ് മാത്യു, പി. ജയരാജന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ആര്‍ജെഡി എല്‍ഡിഎഫ് വിടുകയാണെങ്കില്‍ കെപി മോഹനന് പകരം കൂത്തുപറമ്പിലേക്കും ജയരാജനെ പരിഗണിക്കും. ഇ.പി ജയരാജന്‍, എം.വി ജയരാജന്‍ എന്നിവരും നിയമസഭയിലേക്ക് മത്സരിച്ചേക്കും. അതേസമയം, മട്ടന്നൂരില്‍ നിന്ന് കേരള ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിച്ച കെകെ ശൈലജയ്ക്ക് രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് ലഭിച്ചേക്കുമോയെന്ന് ഉറപ്പില്ല.

തലശ്ശേരിയില്‍ നിന്ന് സ്പീക്കര്‍ എ.എന്‍ ഷംസീറിനും ഇളവ് ലഭിക്കാന്‍ സാദ്ധ്യതയില്ല. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമേ രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് ലഭിക്കുകയുള്ളൂവെന്നാണ് സൂചന. പരമ്പരാഗതമായി ശക്തികേന്ദ്രങ്ങളല്ലാത്ത മണ്ഡലങ്ങളിലെ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് മാത്രമാകും ടേം വ്യവസ്ഥയില്‍ ഇളവ് ലഭിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ ഇത്തവണ പേരാമ്പ്രയില്‍ നിന്ന് ജനവിധി തേടാന്‍ സാദ്ധ്യത കുറവാണ്.