പിണറായിയിൽ വൻ രാസലഹരി വേട്ട

Thursday 08 January 2026 12:07 AM IST

32 ഗ്രാം എം.ഡി.എം.എയുമായി രണ്ട്

ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

തലശ്ശേരി: അതിമാരക രാസലഹരിയായ എം.ഡി.എം.എയുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി. അസം സ്വദേശികളായ സഹിദുൾ ഇസ്‌ലാം (56), മൊഗിബാർ അലി (26) എന്നിവരാണ് 32 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. പിണറായി എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. കണ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ് എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികൾ ലഹരി വിൽപനയ്ക്കായി അഞ്ചരക്കണ്ടി ഭാഗത്ത് എത്തുമെന്ന വിവരത്തെത്തുടർന്ന് കേരള ആൻഡി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായവും എക്സൈസിന് ലഭിച്ചിരുന്നു. അസമിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികൾ വഴി ലഹരിമരുന്ന് എത്തിച്ച് വിൽപനയും ഉപയോഗവും വ്യാപകമാകുന്ന സാഹചര്യത്തിൽ എക്സൈസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.

പരിശോധനാ സംഘത്തിൽ പിണറായി എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ സി. പ്രമോദ് കുമാർ, സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ്, പ്രിവന്റീവ് ഓഫീസർമാരായ ബാബു ജയേഷ്, യു. സ്മിനീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ. കാവ്യ എന്നിവരുമുണ്ടായിരുന്നു. എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്ത പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി.