കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഐസിയു ആംബുലൻസുണ്ട്, കട്ടപ്പുറത്താണെന്ന്മാത്രം

Thursday 08 January 2026 9:58 PM IST

കട്ടപ്പന :താലൂക്ക് ആശുപത്രിക്ക് മന്ത്രി റോഷി അഗസ്റ്റിൻ അനുവദിച്ച ഐ.സി.യു ആംബുലൻസ് അറ്റകുറ്റപ്പണികൾക്കായി വർക്ക്‌ഷോപ്പിൽ കയറ്റിയിട്ട് രണ്ടു മാസങ്ങൾ പിന്നിടുന്നു. ഇതുവരെയും അറ്റകുറ്റപ്പണി പൂർത്തീകരിച്ച് ആംബുലൻസ് ആശുപത്രിയിൽ തിരികെയെത്തിച്ച് പ്രവർത്തനം ആരംഭിക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. നിലവിൽ ഈ ഐസിയു ആംബുലൻസിന്റെ സേവനം ആവശ്യമായ നിരവധി പേർക്കാണ് മറ്റ് സ്വകാര്യ ആംബുലൻസ് സർവീസുകളെ ആശ്രയിക്കേണ്ടി വന്നത്. വാഹനത്തിന്റെ എൻജിൻ ഭാഗവുമായി ബന്ധപ്പെട്ടുണ്ടായ തകരാറാണ് കാരണമെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിശദീകരണം. വാഹനത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടുള്ള എസ്റ്റിമേറ്റ് വർക്ക്‌ഷോപ്പ് അധികൃതർ ആശുപത്രി അധികൃതർക്ക് നൽകണം. തുടർന്ന് ഈ എസ്റ്റിമേറ്റ് ആരോഗ്യവകുപ്പിലേക്ക് അയച്ച് തുക അനുവദിപ്പിക്കണം. ഈ പ്രവർത്തനങ്ങളെല്ലാം ഇതുവരെയും നടന്നിട്ടില്ലയെന്നാണ് അറിയാൻ കഴിയുന്നത്.

=താലൂക്ക്ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റൊരു ആംബുലൻസ് ശബരിമല ഡ്യൂട്ടിക്കായി കൊണ്ടപോയി. ഈ ആംബുലൻസ് 15 വർഷം കഴിഞ്ഞ വാഹനമാണ്. ഇനി തുടർന്നുള്ള നാളുകളിൽ ഇതിന്റെ ഫിറ്റ്നസ് ലഭിക്കമോ എന്ന കാര്യത്തിലും സംശയമുണ്ട്.

=ദിനപ്രതി നിരവധി രോഗികൾ എത്തുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് ആംബുലസിന്റെ സേവനം നിലവിൽ ലഭ്യമാകാതെ ഇരിക്കുന്നത്. ആദിവാസി മേഖലകളിൽനിന്നും തോട്ടം മേഖലകളിൽനിന്നും ഉൾപ്പെടെയുള്ള നിരവധി രോഗികൾ ആശ്രയിക്കുന്ന ഏക ആശുപത്രിയാണിത്. അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാഹനത്തിന്റെ സേവനം പുനരാരംഭിക്കണമെന്നാണ് ആവശ്യം.