കായംകുളത്ത് ഉയരപ്പാത വേണമെന്ന് പ്രമേയം

Wednesday 07 January 2026 9:47 PM IST

ആലപ്പുഴ: ദേശീയപാതയിൽ കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ എം.എസ്.എം കോളേജ് വരെ ഉയരപ്പാത നിർമ്മിക്കണമെന്ന് യു.പ്രതിഭ എം.എൽ.എയും പായൽക്കുളങ്ങരയിലും വളഞ്ഞവഴി എസ്.എൻ കവലയിലും രണ്ട് അടിപ്പാതകൾ അനുവദിക്കണമെന്ന് എച്ച് സലാം എം.എൽ.എ യും ജില്ലാ വികസന സമിതിയോഗത്തിൽ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ നിരന്തരമായ ആവശ്യവും പ്രദേശങ്ങളുടെ പ്രത്യേകതയും പരിഗണിച്ചാണ് ദേശീയപാത അതോറിറ്റിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.

ശ്രീനാരായണഗുരുവിന്റെ പാദസ്പർശമേറ്റ ദേവികുളങ്ങര ചേവണ്ണൂർ ചാവടിയിൽ ദിവസവും ധാരാളം ജനങ്ങളാണ് എത്തുന്നത്. അതിനാൽ കെ.എസ്. ആർ. ടി സിയുടെ സമീപത്തെയും ടെക്സ്മോ ജംഗ്ഷനിലെയും അടിപ്പാതകൾ ബന്ധപ്പെടുത്തിക്കൊണ്ട് 350 മീറ്റർ ഉയരപ്പാത നിർമ്മിക്കണമെന്ന് പ്രതിഭ എം.എൽ.എ ആവശ്യപ്പെട്ടു. പായൽക്കുളങ്ങരയിലും വളഞ്ഞവഴി എസ് എൻ കവലയിലും രണ്ട് അടിപ്പാതകളോ അല്ലെങ്കിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷൻ മുതൽ പായൽക്കുളങ്ങര വരെ ഉയരപ്പാതയോ നിർമ്മിക്കണമെന്നൊ ആവശ്യപ്പെട്ടാണ് എച്ച് സലാം എം.എൽ.എ പ്രമേയം അവതരിപ്പിച്ചത്. പ്രമേയങ്ങൾ വികസന സമിതി പാസാക്കി.

പുറക്കാട് മണ്ണുംപുറത്തെ പുനർഗേഹംഫ്ലാറ്റുകളിൽ 84 എണ്ണം ജനുവരി അവസാനത്തോടെ കൈമാറുവാൻ സാധിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ആലപ്പുഴ നഗരസഭയിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ഉദ്യോഗസ്ഥരുടെ യോഗം ചേരും.

കുട്ടനാട് കുടിവെള്ള പദ്ധതിയും നീരേറ്റുപുറം ജലശുദ്ധീകരണ ശാലയുടെ 30 എം.എൽ.ഡി പ്ലാന്റ് നിർമ്മാണവും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും നിർമ്മാണ പുരോഗതി വിലയിരുത്താൻ ഈ മാസം തന്നെ യോഗം വിളിക്കണമെന്നും തോമസ് കെ. തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.