വന്ധ്യംകരിച്ചത് 853 നായ്ക്കളെ
ആലപ്പുഴ: തെരുവ് നായ്ക്കളുടെ എണ്ണവും അക്രമവും നിത്യേന പെരുകുന്നതിനിടെ കണിച്ചുകുളങ്ങര എ.ബി.സി സെന്ററിൽ കഴിഞ്ഞ പത്തുമാസത്തിനകം 853 നായ്ക്കളെ വന്ധ്യം കരിച്ചു. ഡിസംബർ വരെയുള്ള കണക്കാണിത്.
840 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രധാനകെട്ടിടം, അനുബന്ധ സൗകര്യങ്ങൾക്ക് നിർമ്മിച്ചിരിക്കുന്ന ഷെഡുകൾ, 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഉൾപ്പെടെ 38,24,000 രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണിച്ചുകുളങ്ങര മൃഗാശുപത്രിക്ക് സമീപം സെന്റർ ആരംഭിച്ചത്. കഞ്ഞിക്കുഴി ബ്ലോക്കിനാണ് നിർവഹണ ചുമതല. കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്ക് പഞ്ചായത്തുകളിലെയും ചേർത്തല നഗരസഭയിലെയും തെരുവ് നായ്ക്കളെയാണ് സെന്ററിൽ വന്ധ്യംകരിക്കുന്നത്.
വെറ്റിനറി സർജൻ ഡോ. പി.എസ് ശ്രീജയുടെ നേതൃത്വത്തിലാണ് സെന്ററിലെ ശസ്ത്രക്രിയകൾ. . ഒരു ഓപ്പറേഷൻ തീയേറ്റർ അസിസ്റ്റന്റ്, നാല് ഹെൽപ്പർമാർ, ഒരു ശുചീകരണ തൊഴിലാളി എന്നിവരുമുണ്ട്. തെരുവ് നായ്ക്കളെ പിടിക്കുന്നതിനായി ആറ് പേർ അടങ്ങിയ ഒരു നായപിടുത്ത സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ പിടിച്ചു കൊണ്ടുവരുന്ന നായകളെ കൃത്യമായ നിരീക്ഷണത്തിനുശേഷം ശസ്ത്രക്രിയ നടത്തി സെന്ററിലെ കൂടുകളിലേക്ക് മാറ്റി പരിപാലിക്കും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരസഭ സീ വ്യൂ വാർഡിൽ നിർമിക്കുന്ന എ.ബി.സി സെന്ററിന്റെ നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലേക്ക് അടുത്തു. പ്രധാന കെട്ടിടത്തിന്റെയും നായ്ക്കളുടെ കൂടുകൾ സ്ഥാപിക്കാനുള്ള ഒരു ഷെഡ്ഡിന്റെയും നിർമ്മാണം ഉൾപ്പെടെ 90 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. കൂടുകൾ സ്ഥാപിക്കാനുള്ള രണ്ടാമത്തെ ഷെഡ്ഡിന്റെ നിർമ്മാണവും അവസാനഘട്ട പണികളും മാത്രമാണ് ബാക്കിയുള്ളത്.
അഞ്ചു ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ചതിനു ശേഷം കൊണ്ടുവന്ന സ്ഥലത്തുതന്നെ നായ്ക്കളെ തിരിച്ചെത്തിക്കും
ഇവയെ തിരിച്ചറിയാനായി നായ്ക്കളുടെ ചെവിയിൽ അടയാളവും പതിപ്പിക്കും. പകർച്ചവ്യാധിയുള്ള നായ്ക്കളെ ചികിത്സ നടത്തി മാത്രമേ തിരിച്ചുവിടൂ
ആന്റിബയോട്ടിക് ചികിത്സയും പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പും നൽകും
ശസ്ത്രക്രിയ നടത്തിയ നായകളുടെ പരിചരണത്തിനായി രാത്രികാലങ്ങളിൽ ഒരു സഹായിയുടെ സേവനവും സെന്ററിലുണ്ട്.
ആലപ്പുഴ നഗരത്തിൽ എ.ബി.സി സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ സ്വീകരിച്ചു വരികയാണ്
- ജെ. സുൽഫിക്കർ
, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ