കലോത്സവ വേദികളിലേക്ക് ചുരുങ്ങി കലാരൂപങ്ങൾ

Thursday 08 January 2026 12:05 AM IST

തൃശൂർ. നൃത്ത ഇനങ്ങളും നാടൻ പാട്ടുകളും ഒപ്പനയും നാടകങ്ങളുമെല്ലാം ജനപ്രിയമാകുമ്പോൾ സ്‌കൂൾ കലോത്സവ വേദികളിലേക്ക് മാത്രം ചുരുങ്ങി നിരവധി കലാരൂപങ്ങൾ. കേരളത്തിന്റെ പുരാതന ആയോധന കലാരൂപമായ പരിചമുട്ട്, തനത് കലാരൂപമായ കഥകളിയുമായി സാമ്യമുള്ള യക്ഷഗാനം, ഭഗവതി ക്ഷേത്രങ്ങളിൽ പൂരം ആഘോഷത്തെ തുടർന്ന് പുരുഷന്മാർ അവതരിപ്പിക്കുന്ന അനുഷ്ഠാനകലയായ പൂരക്കളി, മലബാർ മേഖലകളിൽ ഒരു കാലത്ത് ഏറെ പ്രചാരമുണ്ടായിരുന്ന വട്ടപ്പാട്ട് , നങ്ങ്യാർ കൂത്ത്, വഞ്ചിപ്പാട്ട്, കൂടിയാട്ടം തുടങ്ങി പല കലാരൂപങ്ങളും ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. കലോത്സവ വേദികളിൽ ഈ ഇനങ്ങളിൽ പങ്കെടുക്കാൻ മത്സാർത്ഥികളുടെ എണ്ണവും കുറഞ്ഞു വരുന്നതായി സംഘാടകർ ചൂണ്ടിക്കാട്ടുന്നു. യക്ഷഗാനം, പരിചമുട്ട് കളി, പൂരക്കളി, നങ്ങ്യാർക്കൂത്ത് ഉൾപ്പെടെയുള്ളവയ്ക്ക് മറ്റ് ജില്ലകളിലും വളരെ കുറവ് മത്സരാർത്ഥികളാണുള്ളത്. കലോത്സവത്തിന് പങ്കെടുക്കുന്നതിന് വേണ്ടി സ്‌കൂളുകളും മറ്റും പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് പരിശീലകരെ എത്തിച്ച് മത്സരത്തിന് തയ്യാറെടുപ്പിക്കുന്നത്.

ജനശ്രദ്ധയാകർഷിച്ച് ഗോത്രകലാരൂപങ്ങൾ

സ്‌കൂൾ കലോത്സവത്തിൽ അരങ്ങേറ്റം കുറിച്ച ഗോത്ര കലാരൂപങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ഇരുള നൃത്തം അഥവാ ആട്ടം പാട്ടം), പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവയ്ക്ക് കഴിഞ്ഞ രണ്ട് തവണയും കാണികൾ ഏറെയായിരുന്നു. കൊല്ലത്ത് നടന്ന 62ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മംഗലംകളി പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു.

വേദികൾ കയ്യടക്കാൻ നൃത്ത ഇനങ്ങൾ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരാർതഥികളുടെയും കാണികളുടെയും എണ്ണം കൊണ്ട് സമ്പന്നമാണ് നൃത്ത ഇനങ്ങൾ. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം, സംഘനൃത്തം, തിരവാതിര, ഒപ്പന എന്നി വേദികളിൽ കാണികൾ നിറയും. തൃശൂരിൽ കഴിഞ്ഞ തവണ നടന്ന കലോത്സവത്തിലും ഏറ്റവും കൂടുതൽ കാണികൾ ഉണ്ടായിരുന്നതും ഈ ഇനങ്ങളിൽ തന്നെയായിരുന്നു. നാടൻപ്പാട്ട്, നാടകം എന്നിവയക്കും എല്ലാ ജില്ലകളിൽ നിന്നും അപ്പീലടക്കം നിരവധി ടീമുകൾ എത്തുന്നുണ്ട്.