"അശ്വമേധം" ക്യാമ്പയിന് തുടക്കമായി

Thursday 08 January 2026 12:07 AM IST

ഇടുക്കി: കുഷ്ഠരോഗം നിവാരണം ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7.0 ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർവഹിച്ചു. കളക്ടറുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ ആർ.സി.എച്ച് ഓഫീസർ, വോളണ്ടിയേഴ്സ്, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. എൻ സതീഷ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ കളക്ടറോട് വിശദീകരിച്ചു. അശ്വമേധം 7.0 ബോധവൽക്കരണ ഫ്ളാഷ് കാർഡ് ജില്ലാ കളക്ടർ വോളണ്ടിയേഴ്സിന് നൽകി പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിന്റെ ഔദ്യോഗിക വസതിയിലും വോളണ്ടിയർമാർ എത്തി.ബോധവൽക്കരണ പോസ്റ്റർ ജില്ലാപൊലീസ് മേധാവി പ്രകാശനം ചെയ്തു.ക്യാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശാപ്രവർത്തകയും ഒരു പുരുഷവോളണ്ടിയറും അടങ്ങുന്ന സംഘം വീടുകളിൽ എത്തി കുഷ്ഠ രോഗലക്ഷണങ്ങളണ്ടോ എന്ന് പരിശോധിക്കും. ഒരു പുരുഷവോളണ്ടിയറും ഒരു സ്ത്രീ വോളണ്ടിയറും ഉൾപ്പെടുന്ന 1052 അംഗ സംഘമാണ് ജില്ലയിൽ ഭവന സന്ദർശനം നടത്തുന്നത്. രണ്ടാഴ്ചയാണ് ഭവനസന്ദർശനം.