കേരളം മുഴുവൻ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം

Wednesday 07 January 2026 10:52 PM IST
  • സ്റ്റാർട്ട് അപ് പദ്ധതി മുഖ്യമന്ത്രിക്ക് മുന്നിൽ

വടക്കാഞ്ചേരി : കേരളം മുഴുവൻ സൗജന്യ ശൗചാലയത്തോട് കൂടിയ ശീതീകരിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ള പദ്ധതിയുമായി സ്റ്റാർട്ട് അപ് സംരംഭകൻ. എങ്കക്കാട് ആക്കനത്ത് ആന്റോ ലൂവീസ് (60) സമർപ്പിച്ച പദ്ധതി പരിഗണനയിലാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹൈടെക് സൗകര്യങ്ങളോടെയുള്ള ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എട്ട് ലക്ഷമാണ് ചെലവെന്ന് സ്റ്റാർട്ട് അപ്പ് സംരംഭകൻ കൂടിയായ ആന്റോ ലൂവിസ് പറയുന്നു. 460 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ സ്ഥലവും, വൈദ്യുതി, വെള്ളം എന്നിവയും സർക്കാർ നൽകണം. പരസ്യം സ്ഥാപിക്കാനും, വാണിജ്യ സ്ഥാപനം ആരംഭിക്കാനും അനുമതി നൽകണം. 35 വർഷക്കാലത്തേക്ക് പരിപാലനം സംരംഭകൻ നടത്തും. 140 നിയോജക മണ്ഡലങ്ങളിലും അഞ്ച് വീതം കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുകയാണ് ലക്ഷ്യം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ 93 എണ്ണവും, ടൂറിസം കേന്ദ്രങ്ങളിൽ 200 എണ്ണവും പദ്ധതിയിലുണ്ട്.ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ പരസ്യവും, വാണിജ്യ സ്ഥാപനങ്ങളും പാടില്ലെന്നാണ് പൊതുമരാമത്ത് നിരത്ത് വിഭാഗം നിലപാട്. ഇതാണ് പദ്ധതിക്ക് തിരിച്ചടി. ഒരു കേന്ദ്രത്തിൽ നാല് സ്ഥിരം ജീവനക്കാരെ നിയമിക്കും. പൊതുജനങ്ങൾക്ക് എല്ലാ സേവനങ്ങളും സൗജന്യമായി നൽകും. വർഷങ്ങളോളം ഡൽഹിയിലായിരുന്നു ആന്റോ. വിമാനത്താവളങ്ങളുടെ നിർമ്മാണം, മെട്രോ നഗരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രം, സർക്കാർ ഓഫീസ് പദ്ധതികളുമായും സഹകരിച്ചിട്ടുണ്ട്. വർഷങ്ങളായി അപേക്ഷകളും, പദ്ധതി സമർപ്പണവുമായി മുന്നോട്ടു പോവുകയായിരുന്നു ആന്റോ. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിയെത്തിയെന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ആന്റോ വ്യക്തമാക്കി.