റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

Thursday 08 January 2026 12:55 AM IST

മോസ്‌കോ: റഷ്യയുടെ പതാക വഹിക്കുന്ന കൂറ്റൻ എണ്ണ ടാങ്കർ ബെല്ല-1 അമേരിക്കൻ സേന പിടിച്ചെടുത്തത് ലോക രാഷ്ട്രങ്ങളെ അമ്പരപ്പിച്ചു. അമേരിക്ക സൈനിക നീക്കത്തിലൂടെ പ്രസിഡന്റിനെ തടങ്കലിലാക്കിയ വെനസ്വേലയിൽ നിന്ന് എണ്ണ കടത്താൻ ഉപയോഗിക്കുന്ന ടാങ്കർ എന്ന് മുദ്ര കുത്തിയാണ് ബെല്ല ഡിസംബറിൽ വെനസ്വേലൻ തീരത്തെത്തിയിരുന്നു. അന്നുമുതൽ കപ്പൽ പിടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു യു.എസ്. അപകടം മണത്ത കപ്പൽ പേരുമാറ്റുകയും റഷ്യൻ രജിസ്ട്രേഷനിലാക്കുകയും ചെയ്തിരുന്നു. ഇതോടെ സംരക്ഷണം നൽകാൻ റഷ്യയുടെ അന്തർവാഹിനിയും യുദ്ധക്കപ്പലുകളും അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് നീങ്ങവേയാണ് അമേരിക്കയുടെ കോസ്റ്റ് ഗാർഡ് കോപ്ടറുകളിൽ നിന്ന് ടാങ്കറിൽ പറന്നിറങ്ങിയത്. ടാങ്കറിന്റെ നിയന്ത്രണം കോസ്റ്റ് ഗാർഡ് ഏറ്റെടുത്തു.

. ഇന്നലെ വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് സംഭവം. കപ്പൽ യു.എസ് തീരത്തെത്തിക്കും. ബെല്ല വെനസ്വേലയിൽ നിന്നും ഇറാനിൽ നിന്നും അനധികൃതമായി എണ്ണ കടത്താനുപയോഗിക്കുന്ന രഹസ്യ ശൃംഖലയുടെ ഭാഗമാണെന്നാണ് യു.എസ് ആരോപണം.

ഐസ്‌ലൻഡിന് 200 കിലോമീറ്റർ അകലെ വച്ചാണ് യു.എസ് കോസ്റ്റ് ഗാർഡിന്റെ മൺറോ പടക്കപ്പൽ ബെല്ലയെ തടഞ്ഞത്. യുദ്ധ വിമാനങ്ങളുമെത്തി. റഷ്യയിലെ മർമാൻസ്‌ക് തുറമുഖത്തെ ലക്ഷ്യമാക്കിയാണ് ബെല്ല നീങ്ങിയതെന്നാണ് റിപ്പോർട്ട്. കപ്പലിൽ ചരക്കുകളില്ല. ഡിസംബർ അവസാനം മുതൽ കപ്പലിനെ യു.എസ് പിന്തുടരുകയാണ്. ഇതവസാനിപ്പിക്കണമെന്ന് റഷ്യ ഈ മാസം ഒന്നിന് മുന്നറിയിപ്പ് നൽകിയിരുന്നു. കരീബിയൻ കടലിൽ വെനസ്വേലയുമായി ബന്ധമുള്ള എം.ടി സോഫിയ എന്ന എണ്ണക്കപ്പലിനെയും യു.എസ് ഇന്നലെ പിടികൂടി.

റഷ്യയുടെ തണലിൽ 'മാരിനേര" യായി

 വെനസ്വേലയിൽ രഹസ്യ എണ്ണക്കടത്തിനെത്തുന്ന ടാങ്കറുകളെ പിടിച്ചെടുക്കുമെന്ന് യു.എസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. രണ്ട് ടാങ്കറുകൾ പിടികൂടി

 ഡിസംബർ 20ന് വെനസ്വേലയിലേക്ക് വരുംവഴി കരീബിയൻ കടലിൽവച്ച് ബെല്ലയെ പിടിച്ചെടുക്കാൻ ശ്രമിച്ചു. കപ്പൽ അറ്റ്‌ലാന്റിക്കിലേക്ക് രക്ഷപ്പെട്ടു

 ബെല്ലയുടെ രജിസ്ട്രേഷൻ റഷ്യയിലേക്ക് മാറ്റി. 'മാരിനേര" എന്ന് പേരുമാറ്റി. അതുവരെ ഗയാന രജിസ്ട്രേഷനായിരുന്നു

'ഷാഡോ ഫ്ലീറ്റ് "

 ഉപരോധം മറികടന്ന് ചരക്കുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഷാഡോ ഫ്ലീറ്റെന്ന് ( രഹസ്യ കപ്പൽ) യു.എസ്

 ബെല്ലയ്ക്ക് 24 വർഷം പഴക്കം. 333 മീറ്റർ നീളം. ഉടമസ്ഥർ: ലൂയി മറൈൻ ഷിപ്ഹോൾഡിംഗ് എന്റർപ്രൈസസ്, തുർക്കി

 2024ൽ കപ്പലിനും ഉടമകൾക്കും യു.എസ് ഉപരോധം

 2002 മുതൽ വിവിധ പേരുകൾ. പനാമ,മാർഷൽ ഐലൻഡ്സ്,ലൈബീരിയ രാജ്യങ്ങളുടെ രജിസ്ട്രേഷൻ

 ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫാക്കി സഞ്ചരിച്ചിട്ടുണ്ട്