പാക് ചാരവൃത്തിക്ക് കാശ്മീരി കുട്ടികൾ
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നു നിർണായക വിവരങ്ങൾ ചോർത്താൻ പ്രായപൂർത്തിയാകാത്ത കുട്ടികളെയും പാകിസ്ഥാൻ ഉപയോഗിക്കുന്നു. ജമ്മുകാശ്‌മീർ, പഞ്ചാബ് സ്വദേശികളായ 37 കുട്ടികൾ പാക് ചാരൻമാരുടെ വലയിലായെന്നാണ് സൂചന.
പാക് ചാര സംഘടനയായ ഐ.എസ്.ഐ വശത്താക്കിയ 14 കാരൻ ജമ്മുകാശ്‌മീരിലെ സാംബാ ജില്ലയിൽ പിടിയിലായതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. മൊബൈൽ ഉപയോഗം ലഹരിയായ, പിതാവില്ലാത്ത കുട്ടിയുടെ മാനസിക വൈകല്യം ഐ.എസ്.ഐ മുതലെടുക്കുകയായിരുന്നു. കുട്ടിയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ തൽസമയം പാകിസ്ഥാനിലെത്തിയിരുന്നു. കുട്ടിയുടെ ഫോൺ സൈബർ വിഭാഗം നിരീക്ഷണത്തിലാക്കിയതിന് പിന്നാലെയാണ് വിവരങ്ങൾ ചുരുളഴിഞ്ഞത്.
മൊബൈൽ ഫോൺ അടക്കം ഉപയോഗിക്കാൻ മിടുക്കനായ കുട്ടി ക്ളാസിൽ പോകാതെ പാകിസ്ഥാൻ ആസ്ഥാനമായുള്ള ചാറ്റ് റൂമുകളിൽ സജീവമായിരുന്നു. സൗഹൃദം സ്ഥാപിച്ചാണ് ചാര ഏജൻസിയുടെ ഏജന്റുമാർ വശത്താക്കിയത്. കുട്ടികളുടെ ഫോണുകൾ ഹാക്ക് ചെയ്താണ് വിവരങ്ങൾ ചോർത്തിയിരുന്നത്.
സൈനിക വിവരം
ശേഖരിച്ചു
1 സൈന്യത്തിന്റെ തന്ത്രപ്രധാന സ്ഥലങ്ങളുടെ വിവരങ്ങൾ, സൈനിക നീക്കം എന്നിവയുടെ
ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള പാക് ആർമിയും ഭീകര സംഘടനകളും ശേഖരിച്ചു
2 പാക് മയക്കുമരുന്ന് മാഫിയാ തലവൻ സാജിദ് ഭട്ടിയുമായും ബന്ധപ്പെട്ടു. കുട്ടി ഒരു വർഷത്തിലേറെയായി പാക് ആസ്ഥാനമായുള്ള ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരുന്നു
3 ആയുധങ്ങൾ നൽകാമെന്നതടക്കം വാഗ്‌ദാനങ്ങൾ നൽകിയും കുട്ടിയുടെ സാങ്കേതിക ജിജ്ഞാസ ചൂഷണം ചെയ്തുമാണ് പാകിസ്ഥാൻ ഏജന്റുമാർ പ്രവർത്തിച്ചത്