അയ്യപ്പന്റെ സ്വർണ്ണം കട്ടവർക്ക് സി.പി.എം കുടപിടിക്കുന്നു: സതീശൻ

Thursday 08 January 2026 1:36 AM IST

തിരുവനന്തപുരം:അയ്യപ്പന്റെ സ്വർണ്ണം കവർന്നവർക്ക് കുട പിടിക്കുകയും അവരെ സംരക്ഷിക്കുകയുമാണ് സി.പി.എമ്മും സർക്കാരും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്വർണ്ണക്കൊള്ളയ്ക്ക് കൂട്ടു നിന്നത് മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് പത്മകുമാറാണെന്ന ഗുരുതര ആരോപണമാണ് എസ്.ഐ.ടി കോടതിയിൽ ഉന്നയിച്ചിട്ടുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിൽ രാഹുൽഗാന്ധി ഇടപെട്ട് കർണാടക സർക്കാർ പ്രഖ്യാപിച്ച 100 വീടുകളുടെ പണം കൈമാറി. ലീഗ് പ്രഖ്യാപിച്ച 100 വീടുകളുടെ നിർമ്മാണം തുടങ്ങി. കോൺഗ്രസ് നിർമ്മിക്കുന്ന വീടുകൾക്കായി വാങ്ങിയ സ്ഥലത്തിന്റെ രജിസ്ട്രേഷൻ അടുത്തയാഴ്ച നടക്കും. അതു കൂടി പൂർത്തിയാവുമ്പോൾ വീടുകളുടെ എണ്ണം 300 ആവും. വയനാട്ടിൽ ആകെ വേണ്ട 400 വീടുകളിൽ 300 നിർമ്മിക്കുന്നത് കോൺഗ്രസും ബന്ധപ്പെട്ട സംഘടനകളുമാണ്. സർക്കാർ 742 കോടി ബാങ്കിൽ ഇട്ടിരിക്കുമ്പോഴും ചികിത്സാ ചെലവും പലർക്കും വാടകയും നൽകുന്നില്ല. യൂത്ത് കോൺഗ്രസ് സമാഹരിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപ അടുത്തയാഴ്ച കെ.പി.സി.സിക്ക് കൈമാറും.

കെ.പി.സി.സിക്ക് സംഭാവനയായി ലഭിച്ച പണം താൻ അടിച്ചു മാറ്റിയെന്നാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഒരു കാർഡ്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന 16 വർഷവും സി.പി.എം പിരിച്ച ഫണ്ടൊക്കെ അദ്ദേഹം വീട്ടിൽ കൊണ്ട് പോകുകയായിരുന്നോ? ഞാൻ നൂറു കോടി രൂപ കൊണ്ടു പോയെന്നാണ് പ്രചരിപ്പിക്കുന്നത്. എ.കെ.ജി സെന്ററിൽ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തിൽ എല്ലാ ദിവസവും പത്ത് കാർഡ് ഇറക്കുകയാണ്. എല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒറിജിനൽ കാർഡ് വരുന്നുണ്ട്- സതീശൻ പറഞ്ഞു.