കേന്ദ്ര ബഡ്ജറ്റ് ഫെബ്രു. ഒന്ന് ഞായറാഴ്‌ച

Thursday 08 January 2026 1:45 AM IST

ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം ഈ മാസം 28ന് തുടങ്ങും. ഫെബ്രുവരി ഒന്നിന് ഞായറാഴ്‌ച ധനമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കുന്ന പതിവ് തുടരുന്നതിന്റെ ഭാഗമായാണ് അവധി ദിവസമായ ഞായറാഴ്‌ചയും പാർലമെന്റ് സമ്മേളിക്കുന്നത്. ഇതിന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി ഉപസമിതി അംഗീകാരം നൽകി.

കഴിഞ്ഞ വർഷം ശനിയാഴ്‌ചയായിരുന്നു ബഡ്‌ജറ്റ് അവതരിപ്പിച്ചത്. സമീപകാലത്തെങ്ങും ഞായറാഴ്‌ച ബഡ്‌ജറ്റ് അവതരിപ്പിച്ചിട്ടില്ല. ധനമന്ത്രി നിർമ്മലാ സീതാരാമന്റെ തുടർച്ചയായ 9-ാം ബഡ്‌ജറ്റ് അവതരണമാണിത്. ജനുവരി 28ന് രാഷ്‌ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗം നടത്തും. 29ന് സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിക്കും.